തിരുവനന്തപുരം: വെട്ടുകാട് കള്ളവോട്ടിന് ശ്രമിച്ചയാൾ പൊലീസിന്റെ പിടിയിലായി. പവർകട്ട് ഷാജിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാൾ സി.പി.എം പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. ശംഖുംമുഖം വാർഡിലെ വെട്ടുകാട് സെന്റ്‌മേരീസ് സ്‌കൂൾ ബൂത്തിൽ രാവിലെയാണ് സംഭവം. ബൂത്ത് ഏജന്റുമാർക്ക് സംശയം തോന്നി മാസ്‌ക് മാറ്റിയതോടെയാണ് കള്ളവോട്ടിന് എത്തിയതാണെന്നു വ്യക്തമായത്. വട്ടിയൂർക്കാവിലെ രണ്ടു ബൂത്തുകളിലും കള്ളവോട്ട് നടന്നെന്ന് ആരോപണം ഉയർന്നു. സരസ്വതി വിദ്യാലയത്തിലെ ബൂത്തിൽ രാവിലെ മൂന്നംഗ കുടുംബം വോട്ടിടാൻ എത്തിയെങ്കിലും ഇവരുടെ വോട്ട് മറ്റൊരോ ചെയ്‌തതിനെ തുടർന്ന് മടങ്ങുകയായിരുന്നു. നെട്ടയം പോളിടെക്‌നിക്കിലെ ബൂത്ത് രണ്ടിലും കള്ളവോട്ട് നടന്നു. വോട്ട് നേരത്തെ ചെയ്‌തതിനാൽ വോട്ടിടാനെത്തിയ ആൾ മടങ്ങുകയായിരുന്നു. എന്നാൽ രണ്ട് സംഭവത്തിലും പരാതി ലഭിച്ചിട്ടില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.