
ഇരിങ്ങാലക്കുട : ഇളയമ്മയുടെ മകളെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ സുജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പടിയൂർ സ്വദേശി പത്താഴക്കാട്ടിൽ വീട്ടിൽ മിഥുന് (34) 12 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ് രാജീവാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 304 (2) വകുപ്പു പ്രകാരം 10 വർഷം കഠിനതടവിനും ലക്ഷം രൂപ പിഴയടക്കുാനും, 324 വകുപ്പ് പ്രകാരം 2 വർഷം കഠിനതടവിനും 20,000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി വെവ്വേറെ അനുഭവിക്കേണ്ടതുണ്ട്. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്നും ലക്ഷം രൂപ മരണപ്പെട്ട സുജിത്തിന്റെ മാതാപിതാക്കൾക്ക് നൽകാനും കൂടുതൽ നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
2018 ജനുവരി 28ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു ആക്രമണം. ഇളയമ്മയുടെ മകളെ ശല്യം ചെയ്യുന്നത് സുജിത്ത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മിഥുൻ, സുജിത്തിനെ തടഞ്ഞ് നിർത്തി ഇരുമ്പു പൈപ്പെടുത്ത് തലയിൽ മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്തിനെ ആദ്യം ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലും പിന്നീട് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഇരിങ്ങാലക്കുട പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.എസ് സുശാന്ത് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം.കെ സുരേഷ്‌കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു. മിഥുനെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന്റെ പേരിൽ പ്രതി ചേർത്ത രണ്ടാം പ്രതിയെ വെറുതെ വിട്ടു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 49 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യുഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ പി.ജെ ജോബി, അഡ്വ. ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ് ദിനൽ, അർജുൻ രവി എന്നിവർ ഹാജരായി.