swapna

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം തിരിച്ചടിക്കുന്നു.

നവംബർ 25ന് മുൻപ് പലവട്ടം അട്ടക്കുളങ്ങര ജയിലിലെത്തിയ ചിലർ, ഉന്നതരുടെ പേരു പറഞ്ഞാൽ ജീവന് ഭീഷണിയുണ്ടാവുമെന്ന് അറിയിച്ചെന്നാണ് സ്വപ്ന ഇന്നലെ കോടതിയിൽ പരാതിപ്പെട്ടത്. നവംബർ 18നാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ഭീഷണിപ്പെടുത്താൻ ജയിലിലെത്തിയവർ റെക്കാഡ് ചെയ്ത ശബ്ദത്തിലെ ഒരു ഭാഗമാണ് പുറത്തുവന്നതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും . ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് കസ്റ്റംസും ഇ.ഡിയും.

ജയിലിൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പൊലീസാണ് അന്വേഷിക്കേണ്ടത്. പക്ഷേ, അവരുടേതെന്ന പേരിൽ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് ജയിൽ മേധാവി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിട്ടു പോലും പൊലീസ് കേസെടുത്തിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതൊഴിച്ചാൽ, സ്വപ്നയുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല. ശബ്ദരേഖ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കരുതെന്ന ഭീഷണി, വൻ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും .

ഒക്ടോബർ 14 നാണ് സ്വപ്നയെ കൊച്ചിയിൽ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കൊഫെപോസ ചുമത്തിയതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. നവംബർ രണ്ടിന് വിജിലൻസും മൂന്നിനും പത്തിനും ഇ.ഡിയും 18 ന് കസ്റ്റംസും ചോദ്യം ചെയ്തു. ബുധനാഴ്ച മാത്രമാണ് സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, സഹോദരൻ, ഭർത്താവ്, രണ്ടു മക്കൾ എന്നിവർക്ക് കസ്റ്റംസ്, ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് കാണാനാവുക. സന്ദ‌ർശകരുടെ മൊബൈൽ ഫോണുകൾ ജയിൽ കവാടത്തിനപ്പുറത്തേക്ക് അനുവദിക്കില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലിലാണ് നാലു പേർ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പരാതിപ്പെട്ടിരിക്കുന്നത്.