gg

തൃശൂർ: മോട്ടോർ സൈക്കിളിന്റെ പിറകിലിരുന്ന യുവാവ് പാലത്തിലിടിച്ച് പരിക്കേറ്റ് മരിച്ച സംഭവത്തിൽ അവകാശികൾക്ക് ഇൻഷ്വറൻസ് കമ്പനി 1.35 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. 2017 ജനുവരി 21 ന് തൃശൂർ മാടായിക്കോണം പാണാട്ടിൽ വീട്ടിൽ കുട്ടന്റെ മകൻ സതീഷ് (43) ആണ് നെന്മാറ-പോത്തുണ്ടി റോഡിൽ ചാട്ടിയോട് വെച്ച് മരിച്ചത്. എലവഞ്ചേരിയിലുള്ള സുഹൃത്ത് അരവിന്ദാക്ഷന്റെ മോട്ടോർ സൈക്കിളിൽ അദ്ദേഹത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ സതീഷ് നെന്മാറ ഗവ. ഹോസ്പിറ്റലിലെത്തുമ്പോഴേക്കും മരിച്ചു. സതീഷിന്റെ ജോലി, അവകാശികളുടെ പ്രായം എന്നിവകൂടി കണക്കിലെടുത്താണ് ഒരു കോടിയിൽപരം രൂപ നഷ്ടപരിഹാരമായി വിധിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് അഡ്വ. എൻ.ബി സുകുമാരൻ പറഞ്ഞു. പട്ടാമ്പി കൂട്ടുപാത ഇലക്ട്രിസിറ്റി ഓഫീസിലെ സബ് എൻജിനീയറായിരുന്നു സതീഷ്. തുടർന്ന് സതീഷിന്റെ അവകാശികളായ ഭാര്യ നിഷ, മക്കൾ എന്നിവർ അഡ്വ. എൻ.ബി സുകുമാരൻ മുഖേന ഫയൽ ചെയ്ത കേസിലാണ് 1.01 കോടിയും പലിശയും കോടതി ചെലവുകളുമുൾപ്പടെയുള്ള സംഖ്യ നൽകാൻ മോട്ടോർ സൈക്കിളിന്റെ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയോട് ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രെബ്യൂണൽ രാജീവ് കെ.എസ് വിധി പ്രസ്താവിച്ചത്.