
തിരുവനന്തപുരം: കൊവിഡ് കാലത്തെ പരിമിതികളേറെയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ അത് അത്രത്തോളം പ്രതിഫലിച്ചില്ലെന്ന വിലയിരുത്തലിലാണ് മുന്നണികൾ.
അഞ്ച് ജില്ലകളിലെ പോളിംഗിന്റെ അന്തിമ കണക്ക് ഇന്ന് രാവിലെയോടെയേ ലഭ്യമാകൂ. ലഭ്യമായ കണക്കിൽ, 2015ലേക്കാൾ പോളിംഗ് കുറഞ്ഞു. പക്ഷേ കൊവിഡ്കാലത്ത് അത് 70 ശതമാനത്തിന് മുകളിലെത്തിയത് പ്രതീക്ഷിച്ചതിലുമപ്പുറം.
സർക്കാരിന്റെ വികസനനേട്ടങ്ങളും ജനക്ഷേമ നടപടികളും ജനം അംഗീകരിച്ചതിന് തെളിവായാണ് പോളിംഗിലെ ഈ ആവേശത്തെ ഇടതുമുന്നണി കാണുന്നത്. സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണ വിവാദങ്ങൾ നിഴൽ വീഴ്ത്തിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്ന പ്രചരണത്തിലൂടെ അതിനെ ഒരു പരിധി വരെ മറികടക്കാനായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പെട്രോൾ, ഡീസൽ അമിത വിലവർദ്ധന ബി.ജെ.പിക്കെതിരായെന്ന് വിലയിരുത്തുന്ന ഇടതുമുന്നണി, സർക്കാർ നേട്ടങ്ങളെ മറികടക്കുന്ന പ്രചരണ മേൽക്കൈ യു.ഡി.എഫിന് നേടാനായിട്ടില്ലെന്നും കണക്കാക്കുന്നു. അതിനാൽ തെക്കൻ മേഖലയിൽ സ്ഥിതി മോശമാവില്ലെന്നും.
എന്നാൽ, രാവിലെ മുതൽ ബൂത്തുകളിൽ പ്രകടമായ വോട്ടർമാരുടെ ആവേശം സർക്കാരിനെതിരായ വികാരം പ്രതിഫലിപ്പിക്കുന്നതാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിലും ഉയർന്നത് യു.ഡി.എഫ് അണികളിൽ ആത്മവിശ്വാസമുയർത്തിയിട്ടുണ്ടെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. തലസ്ഥാന നഗരപരിധിയിലല്ലെങ്കിലും, ജില്ലയുടെ ഉൾമേഖലകളിൽ യു.ഡി.എഫ് മുന്നേറ്റം പ്രകടമാണെന്നാണ് അവകാശവാദം.
കള്ളപ്പണ, അഴിമതി ഇടപാടുകൾക്കെതിരായ ജനവികാരം വാശിയോടെ വോട്ടർമാർ പ്രതിഫലിപ്പിച്ചുവെന്ന് വിലയിരുത്തുന്ന ബി.ജെ.പിയും തികഞ്ഞ പ്രതീക്ഷയിലാണ്. കൊവിഡ് കാലത്ത് പോളിംഗ് 70 ശതമാനമുയർന്നത് ഇടത്, വലത് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധമായാണ് ബി.ജെ.പി കാണുന്നത്. മുന്നേറ്റം അവരും വലിയ അളവിൽ പ്രതീക്ഷിക്കുന്നു.