
തിരുവനന്തപുരം: ഗ്രാമമേഖലയിൽ കൊവിഡ് ഭീഷണി വകവയ്‌ക്കാതെ വോട്ട് രേഖപ്പെടുത്താൻ വൻ തിരക്ക്. പഞ്ചായത്തുകളിലെല്ലാം 70 ശതമാനത്തിൽ കൂടുതലാണ് പോളിംഗ് നടന്നത്. ഏറ്റവും കൂടുതൽ പോളിംഗ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലാണ്. 76.87. കുറവ് വാമനപുരത്താണ് 71. 24 ശതമാനം. കൊവിഡ് ഭീഷണിയുള്ളതിനാൽ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തണമെന്നുള്ള വാട്സ് ആപ്പ് സന്ദേശങ്ങളെ തുടർന്ന് ഉച്ചയ്ക്ക് മുൻപ് ഭൂരിപക്ഷം പേരും വോട്ട് രേഖപ്പെടുത്തി. മുൻകാലങ്ങളെ അപേക്ഷിച്ച് പോളിംഗ് തുടങ്ങിയ രാവിലെ ഏഴുമണി മുതൽ ഗ്രാമ മേഖലയിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് ആരംഭിച്ചു.
ചില കേന്ദ്രങ്ങളിൽ ചില്ലറ വാക്കുതർക്കങ്ങൾ ഉണ്ടായെങ്കിലും കാര്യമായ തർക്കങ്ങളിലേക്ക് പോകാതിരുന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായില്ല. കാട്ടാക്കടയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.ക്രിസ്ത്യൻ കോളജിലെ ബൂത്തിനുള്ളിൽ സി.പി.എം വോട്ട് തേടിയെന്ന കോൺഗ്രസ് പരാതിയാണ് ബഹളത്തിൽ കലാശിച്ചത്.പൊലീസെത്തിയാണ് പ്രവർത്തകരെ ഒഴിപ്പിച്ചത്. നെടുമങ്ങാട് ബ്ലോക്ക് ഓഫീസിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. മറ്റു ചില കേന്ദ്രങ്ങളിൽ വാക്കുതർക്കങ്ങൾ ഉണ്ടായെങ്കിലും പൊലീസ് അധികൃതർ രമ്യമായി പരിഹരിച്ചു.
വിവിധ പഞ്ചായത്തുകളിൽ മാസ്‌ക് മറയാക്കി കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നു.ഇതേതുടർന്ന് പ്രിസൈഡിംഗ് ഓഫീർമാർ ടെൻഡർ വോട്ട് അനുവദിച്ചു.പോത്തൻകോട് പഞ്ചായത്തിലെ അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്കിലെ ആറാമത്തെ ബൂത്തിലും കള്ളവോട്ട് നടന്നതിനെ തുടർന്ന് ടെൻഡർ വോട്ടിംഗ് അനുവദിച്ചു.
വോട്ടിംഗ് യന്ത്രം പണിമുടക്കി
കുളത്തൂർ കോലത്തുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടർന്ന് രണ്ടുമണിക്കൂറിലേറെ വോട്ടിംഗ് തടസപ്പെട്ടു.രാവിലെ 7 മണിക്ക് വോട്ടിംഗ് ആരംഭിച്ച് 19 പേർ വോട്ടു ചെയ്ത ശേഷമാണ് യന്ത്രം തകരാറിലായത്.തകരാർ പരിഹരിക്കാനുള്ള ജീവനക്കാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വോട്ടിംഗ് യന്ത്രം സീൽ ചെയ്ത ശേഷം മറ്റൊരു വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടിംഗ് പുനഃരാരംഭിച്ചു.കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ ആറുവക്കുഴി യു.പി.സ്‌കൂളിൽ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടിംഗ് തടസപ്പെട്ടു.നഗരസഭയിലെ ഇടവക്കോട് വാർഡിലെ 4,5 ബൂത്തുകളിലും യന്ത്രം തകരാറിലായതിനെ തുടർന്ന് ഒരു മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. നഗരത്തിൽ ചിലയിടങ്ങളിൽ ഇത്തരത്തിൽ വോട്ടിംഗ് യന്ത്രം പണിമുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ പരിഹരിച്ചു. പേട്ട വാർഡിലെ അഞ്ചാം നമ്പർ ബൂത്തിൽ മെഷീൻ തകരാറായെങ്കിലും അരമണിക്കൂറിനുള്ളിൽ പരിഹരിച്ചു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടിംഗ് ശതമാനം
1. പാറശ്ശാല : 74.73%
2. പെരുങ്കടവിള : 77.06%
3. അതിയന്നൂർ : 76.10%
4. നേമം : 73.80%
5. പോത്തൻകോട് : 72.45%
6. വെളളനാട് : 74.49%
7. നെടുമങ്ങാട് : 71.54%
8. വാമനപുരം : 71.32%
9. കിളിമാനൂർ : 74.39%
10. ചിറയിൻകീഴ് : 72.88%
11. വർക്കല : 72.29%
ഇന്നലെ വോട്ടിംഗ് നടന്നത്
ഗ്രാമ പഞ്ചായത്തുകൾ -73 ( വാർഡുകൾ -1299 )
ബ്ലോക്ക് പഞ്ചായത്തുകൾ -11 (വാർഡുകൾ 155 )
ജില്ലാ പഞ്ചായത്ത് -1 ( വാർഡ് -26 )
മുനിസിപ്പാലിറ്റി - 4 ( വാർഡുകൾ 147 )
കോർപറേഷൻ -1 (വാർഡുകൾ -100 )
ആകെ സ്ഥാപനം - 90 (വാർഡുകൾ - 1727 )