
പോത്തൻകോട്: സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ ശല്യം ചെയ്‌തത് വിലക്കിയ കടയുടമയെയും സഹായിയെയും യുവാക്കളുടെ സംഘം മർദ്ദിച്ച ശേഷം കട അടിച്ചുതകർത്തു. ഇന്നലെ വൈകിട്ട് പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിക്കുന്ന മുന്നാസ് ബേക്കറിയിലാണ് സംഭവം. സ്‌കൂട്ടറിൽ കടയിലെത്തി സാധനം വാങ്ങിക്കുകയായിരുന്നു യുവതി. ഈ സമയം കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇത് കടയുടമയായ ഷാജി (48 ) ചോദ്യം ചെയ്യുകയും ബഹളംകേട്ട് സമീപത്തെ കടക്കാരെത്തി യുവാക്കളെ തടഞ്ഞുവയ്‌ക്കുകയും ചെയ്‌തു. ഇതിനിടെ സംഘത്തിലെ രണ്ടുപേർ കാറിൽ രക്ഷപ്പെട്ട ശേഷം പത്തോളം യുവാക്കളുമായി മടങ്ങിയെത്തിയാണ് അക്രമം നടത്തിയത്. ആക്രമണത്തിനിടെ ചായയ്ക്കായി തിളപ്പിച്ചുവച്ചിരുന്ന പാൽ ദേഹത്തുവീണ് കടയുടമയ്‌ക്കും സഹായി അജീഷിനും ( 28 ) യുവാക്കളിൽ ചിലർക്കും പൊള്ളലേറ്റു. കടയുടമയും സഹായിയും ആശുപത്രിയിൽ ചികിത്സ തേടി. വെമ്പായം സ്വദേശികളായ യുവാക്കൾ വന്ന കാർ നമ്പർ കേന്ദ്രികരിച്ച് അന്വേഷണം ശക്തമാക്കിയതായി പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു.