
തിരുവനന്തപുരം: ഉറച്ച ജനാധിപത്യ ബോധത്തെ തോല്പിക്കാൻ കൊവിഡിനും കഴിയില്ലെന്ന് തെളിയിച്ച് രോഗം ബാധിച്ച ചിത്രകാരനും വിരമിച്ച അദ്ധ്യാപകനുമായ ആൾ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തി. നെടുങ്കാട് സ്‌കൂളിലെത്തിയ അദ്ദേഹം നടപടിക്രമങ്ങൾക്കായി കാത്തുനിന്ന ശേഷം വോട്ടവകാശം വിനിയോഗിച്ച് മടങ്ങി. കവിയും അഭിഭാഷകനുമായ അദ്ദേഹം എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് എത്തിയത്. സജ്ജീകരണങ്ങൾ ഒരുങ്ങുന്നതുവരെ ആരും കാണാതെ ഒരു വശത്തേക്ക് മാറിനിന്നു. ഇന്നലെ കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ അദ്ദേഹത്തിന് പോസ്റ്റൽ വോട്ടുചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. തുടർന്നാണ് പോളിംഗ് ബൂത്തിലെത്താൻ തീരുമാനിച്ചത്. ഡോക്ടർ സർട്ടിഫിക്കറ്റും ഐ.ഡി കാർഡ് എന്നിവയുമായി എത്തി. '' മറ്റുള്ളവർക്ക് ഞാൻ കാരണം രോഗം വരരുത് എന്ന നിർബന്ധബുദ്ധിയുണ്ട്. എന്നാൽ എനിക്ക് എന്റെ ജനാധിപത്യ അവകാശം നിർവഹിക്കുകയും വേണം. ദൈവാധീനം കൊണ്ട് മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഒന്നുമില്ല.''- അദ്ദേഹം പറഞ്ഞു. എത്ര ആരോഗ്യക്കുറവ് ഉണ്ടായാലും വോട്ടുരേഖപ്പെടുത്തേണ്ടത് ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ കടമയാണ്. അതിനുവേണ്ടി ഇത്രയെങ്കിലും ത്യാഗം സഹിക്കണമെന്ന് തോന്നി. പ്രത്യേകിച്ച് ക്ഷീണം ഇല്ല. മനസിന്റെ ശക്തിയാണ് വലുത്. ഇപ്പോൾ പി.പി.ഇ കിറ്റ് ധരിച്ചു നിൽക്കുമ്പോഴുള്ള ചൂട് മാത്രമേയുള്ളൂ. രോഗം എവിടെ നിന്നും വന്നുവെന്നറിയില്ല. സംശയം തോന്നിയപ്പോൾ മുതൽ വിശ്രമത്തിലായിരുന്നു- അദ്ദേഹം വിശദീകരിച്ചു. നഗരത്തിൽ കുന്നുകുഴി, നന്ദിയോട് ഉൾപ്പെടെ ചില ബൂത്തുകളിൽ കൊവിഡ് രോഗികളെത്തി വോട്ടു ചെയ്‌തു. നന്ദിയോട് വോട്ടുചെയ്യാനെത്തിയ കൊവിഡ് രോഗിയെ ചില പാർട്ടി പ്രവർത്തകർ തടയാൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. പൊലീസ് എത്തിയാണ് ഇവർക്ക് വോട്ടുചെയ്യാൻ സാഹചര്യം ഒരുക്കിയത്.