തിരുവനന്തപുരം: പോളിംഗ് സാമഗ്രികൾ തിരിച്ചെത്തിക്കേണ്ട നാലാഞ്ചിറയിലെ കളക്ഷൻ സെന്ററിൽ രാത്രി വൈകിയും വൻ തിരക്കായിരുന്നു. വോട്ടിംഗ് ത്രങ്ങളും മറ്റ് പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ക്യൂ നിന്നത് മണിക്കൂറുകളോളമാണ്. ഇതോടെ ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തെത്തിയ പൊലീസും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവുമുണ്ടായി. കാത്തു നിന്നവരിൽ അധികവും വനിതാ ജീവനക്കാരായിരുന്നു. ഒരു ബൂത്തിൽ അഞ്ച് ഉദ്യോഗസ്ഥർ വീതം എന്ന കണക്കിൽ നഗരസഭയിലെ 814 ബൂത്തുകളിലെയും നാലായിരത്തോളം ജീവനക്കാരാണ് നാലാഞ്ചിറയിലെ കേന്ദ്രത്തിലെത്തിയത്. കളക്ഷൻ കൗണ്ടറുകൾ കുറവായതിനാലാണ് ഇത്രയും തിരക്കുണ്ടായതെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. പോളിംഗ് ഓഫിസർമാർ എത്തുന്ന മുറയ്ക്ക് തന്നെ അവർക്ക് വോട്ടിംഗ് യന്ത്രങ്ങൾ സമർപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വൈകിട്ട് കളക്ടർ നവ്‌ജോത് ഖോസ പറഞ്ഞിരുന്നു. എന്നാൽ പോളിംഗ് ഓഫീസർമാർ എത്തിയപ്പോൾ മറിച്ചായിരുന്നു സ്ഥിതി. സാധനങ്ങൾ തിരികെ വാങ്ങാൻ ആവശ്യത്തിന് ആളുണ്ടായിരുന്നില്ലെന്ന് പരാതി ഉയർന്നു. പോളിംഗ് അസിസ്റ്റന്റുമാർക്കും ഏറെ വൈകിയും മടങ്ങിപ്പോകാനായില്ല.വെള്ളനാട്ടെ കളക്ഷൻ സെന്ററിലും സമാന പരാതിയുണ്ടായി.
ഉദ്യോഗസ്ഥരെ വലച്ച്
പി.പി.ഇ കിറ്റ്
ഉപയോഗിച്ച പി.പി.ഇ കിറ്റുകളും പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിൽ തിരികെ കളക്ഷൻ സെന്ററുകളിൽ എത്തിക്കേണ്ടിവന്നത് പോളിംഗ് ഓഫീസർമാരെ വലച്ചു. ഇവ തിരികെ കൊണ്ടുവന്ന് കളക്ഷൻ സെന്ററിലെ ബിന്നിൽ നിക്ഷേപിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ പോളിംഗ് സ്ഥലത്തെത്തി അവ വാങ്ങി നശിപ്പിച്ചിക്കാൻ സൗകര്യം ഒരുക്കണമായിരുന്നെന്ന് അവർ പരാതിപ്പെട്ടു.