
ആലുവ: വീറും വാശിയോടെയുമാണ് തിരഞ്ഞെടപ്പ് പ്രചാരണം നടന്നതെങ്കിലും ഇന്നലെ പ്രചാരണം അവസാനിക്കുമ്പോൾ റെയിൽവെ സ്റ്റേഷൻ സ്ക്വയറിൽ പതിവ് പ്രചരണ കോലാഹലങ്ങളൊന്നുമുണ്ടായില്ല. ആളും അനക്കവുമില്ലാതെ കൊവിഡ് കാലത്തെ എല്ലാ നിയമങ്ങളും പാലിച്ച് നഗരം നിശബ്ദമായി നിൽക്കുകയായിരുന്നു. സാധാരണ പ്രചാരണം അവസാനിക്കുന്ന ദിവസം ഉച്ചകഴിയുമ്പോഴേക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുന്ന അനൗൺസ്മെന്റ് വാഹനങ്ങളും താളമേളങ്ങളും കൊടികളുമെല്ലാമായി പ്രവർത്തകരും നേതാക്കളുമെല്ലാം റെയിൽവേ സ്റ്റേഷൻ സ്ക്വയറിലേക്ക് വരുന്നതായിരുന്നു രീതി. തുടർന്ന് കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി കവല വഴി തിരികെ റെയിൽവേ സ്റ്റേഷൻ വഴി പമ്പ് കവലയിൽ പോയി മടങ്ങും. പ്രചാരണം അവസാനിക്കുന്ന അഞ്ച് മണി വരെ ഇതായിരിക്കും അവസ്ഥ. വഴിയരികിലെല്ലാം കലാശക്കൊട്ട് വീക്ഷിക്കാനും ആയിരങ്ങൾ ഉണ്ടാകും. ഇത്തവണ പ്രചാരണ കോലാഹലവും അത് വീക്ഷിക്കാൻ ആളുകളും ഉണ്ടായില്ല. 'കൊവിഡ് വരുത്തിയൊരു മാറ്റം' എന്ന് പറഞ്ഞ് പരിസരത്തെ കച്ചവടക്കാരും ഓട്ടോറിക്ഷക്കാരും പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു.