road

പേരാവൂർ: കണിച്ചാർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ നിടുംപൊയിൽ-മുടവങ്ങോട് കോളനി റോഡിന്റെ റീ ടാറിംഗ് പ്രവൃത്തി പാതി വഴിയിൽ ഉപേക്ഷിച്ചതോടെ പ്രദേശവാസികൾ പ്രതിഷേധത്തിൽ.

ഇരുപത് വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും കഴിഞ്ഞ പത്തു വർഷത്തോളമായി റീ ടാറിംഗ് ചെയ്യാത്തതോടെ വോട്ട് ബഹിഷ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി അധികൃതർ ഇടപെട്ട് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ റീ ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് പ്രവൃത്തി ആരംഭിച്ചെങ്കിലും ജെ.സി.ബി. ഉപയോഗിച്ച് നിലവിലുള്ള റോഡ് ഇളക്കിയ ശേഷം കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു പോയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. റോഡ് പണി പാതിവഴിയിൽ നിർത്തിയതോടെ കാൽനടയാത്രയ്ക്ക് പോലും ഇപ്പോൾ ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നാലര വർഷമുണ്ടായിട്ടും റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാഞ്ഞത് മുപ്പതോളം ആദിവാസി കുടുംബങ്ങളോടുള്ള അവഗണനയാണെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ തുടങ്ങിയ റോഡ് പണി കൃത്യമായി പൂർത്തികരിച്ചാൽ മാത്രമേ തങ്ങൾ പോളിംഗ് ബൂത്തിൽ എത്തുകയുള്ളു എന്നാണ് പ്രദേശവാസികളുടെ നിലപാട്.