bus

കുറ്റ്യാടി: കുറ്റ്യാടി പഴയ ബസ് സ്റ്റാന്റിന്റെ അവസ്ഥ ശോചനീയം. മൂന്ന് വർഷം മുൻപ് വരെ നൂറ്റൻപതിലധികം ബസുകൾ വന്നിരുന്ന സ്റ്റാൻഡ് വടകര റോഡിലെ മറ്റാരു ഭാഗത്തേക്ക് മാറ്റിയതോടെയാണ് പഴയ ബസ് സ്റ്റാൻഡ് അവഗണനയിലായത്. പഴയ സ്റ്റാൻഡ് കുറ്റ്യാടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ മലയോരത്തെ മറ്റ് ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു.

ബസ് സ്റ്റാൻഡ് മാറ്റുമ്പോൾ ഇവിടെ ആധുനികവത്ക്കരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്കുകളിൽ മാത്രം ഒതുങ്ങി. നിലവിൽ വടകര-ആയഞ്ചേരി ഭാഗങ്ങളിലേക്കുള്ള നാലോളം ബസുകളും ജീപ്പ് സർവീസുകൾക്കും പുറമെ സ്വകാര്യ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുകയാണ്.

യാർഡ് പൂർണ്ണമായും തകർന്നു. സിമന്റ് കട്ടകൾ വാഹനങ്ങളുടെ ടയറുകളിൽ കുരുങ്ങി യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പൊടിശല്യവും രൂക്ഷമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകൾവശം പൊട്ടി ദ്രവിച്ച സിമന്റ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്.