
"Do not stand at my grave and weep
I am not there; I do not sleep
I am a thousand winds that blow
I am the diamond glints on snow… (Mary Elizabeth Frye)
മരണത്തെ കുറിച്ചുള്ള അർത്ഥവത്തായ വരികൾ… മരണം ജീർണവസ്ത്രം അഴിച്ചു മാറ്റൽ മാത്രമാണെന്നു ഭഗവത് ഗീത. ബാലിയിൽ കണ്ണീർ പൊഴിക്കാതെ ബുദ്ധമതരീതിയിൽ മരിച്ചവരെ സംസ്‌കരിയ്ക്കുന്നു. കത്തുന്ന ചിത ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തി പുതിയ ജീവിതത്തിനു സജ്ജമാക്കുന്നു എന്നാണു വിശ്വാസം. അമേരിക്കയിലെ ന്യു ഓർലിയൻസിൽ ബ്രാസ് ബാന്റിന്റെ അകമ്പടിയോടെയാണു മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടു പോകുന്നത്. ഘാനയിലാകട്ടെ മരിച്ചവർക്ക് അടുത്ത ജീവിതത്തിലേയ്ക്ക് എത്താനായി അവർക്കിഷ്ടമുണ്ടായിരുന്ന മൃഗത്തിന്റെയോ കാറിന്റെയോ ഒക്കെ ആകൃതിയിൽ സർവാലംകൃതമായ ശവപ്പെട്ടി ഉണ്ടാക്കി അതിലാണു മരിച്ചവരെ സംസ്‌കരിയ്ക്കുക. മരിച്ചവരെ ഓർക്കുന്ന 'എല്ലാ ആത്മാക്കളുടേയും ദിനം' ആചരിക്കുന്നതും ആഘോഷിയ്ക്കുന്നതും പല സംസ്‌കാരങ്ങളിലും പതിവാണ്. ജീവിതം പോലെ മരണവും ആഘോഷിക്കപ്പെടേണ്ട ഒരു പരിണാമമാണെന്ന് കരുതുന്ന സംസ്‌കാരങ്ങൾ നിരവധിയാണ്. 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന ബൈബിൾ വചനം എത്ര അർത്ഥവത്താണ്. മണ്ണിൽ നിന്ന് വന്നത് മണ്ണിലേയ്ക്കു തന്നെ അലിഞ്ഞു ചേരാനുള്ളതാണെന്നതു പരമസത്യം തന്നെ. പഞ്ചഭൂതങ്ങളായി വിഘടിച്ചു കഴിഞ്ഞാൽ കാറ്റായും മഞ്ഞുതുള്ളിയായും സുഗന്ധമായുമെല്ലാം നമുക്കു ഭൂമിയിൽ ചുറ്റിയടിക്കാം. പുതിയ ലോകങ്ങളിലേക്ക് സാകൂതം സഞ്ചരിക്കാം. മനോഹരമായ ഈ സ്വാതന്ത്ര്യത്തെ ആഘോഷിയ്ക്കുകയല്ലേ മരണം? മരണം നമുക്കു സ്വാതന്ത്ര്യവും ശക്തിയും സൗന്ദര്യവുമേകുന്നു എങ്കിലും അതംഗീകരിയ്ക്കാൻ നമുക്കു വലിയ വൈമുഖ്യമുണ്ട്. നമുക്ക് പ്രിയപ്പെട്ടവരെ നാമറിയുന്ന രൂപത്തിൽ നമ്മോടൊപ്പം കിട്ടാതായതിന്റെ പ്രയാസം… കളിപ്പാട്ടം കളഞ്ഞുപോയ കുട്ടിയുടേതു പോലുള്ള സങ്കടം… അതു ജീവിതത്തിന്റെ അനിവാര്യതയാണ്.
നെൽപ്പാടത്തെ ചേറിൽ കാൽപൂഴ്ത്തി വരമ്പിലിരിയ്ക്കുമ്പോൾ പറിച്ചുനട്ട ഞാറിന്റെ ഇളം തെന്നലായി എന്റെ മുത്തച്ഛൻ എന്നെ ഇന്നും തഴുകാറില്ലേ? പഴമ നിറഞ്ഞ കാൽപ്പെട്ടി തുറക്കുമ്പോൾ കൈതപ്പൂ മണമായി എന്റെ മുത്തശ്ശി എന്നെ തലോടാറില്ലേ? വളരെ അപ്രതീക്ഷിതമായി അപരിചിത, കാരുണ്യം നിറഞ്ഞ ഒരു നോട്ടം എനിക്കു സമ്മാനിക്കുമ്പോൾ എന്റെ അകാലത്തിൽ പൊലിഞ്ഞ ചിറ്റ അടുത്തു വന്നതു പോലെ അനുഭവപ്പെടാറില്ലേ? നക്ഷത്രങ്ങളുടെ കണ്ണുകളിലൂറുന്ന നനവുള്ള പ്രകാശം പൂർവികരുടെ പുണ്യമാർന്ന അനുഗ്രഹ വർഷമാകുന്നത് നേരല്ലേ? പ്രപഞ്ചവും പ്രപഞ്ചത്തിലെ ഒരു പൊടിയായ നമ്മളും പാരസ്പര്യത്തിലൂടെ ഒന്നാകുന്നു എന്നു നമ്മെ ഓർമ്മിപ്പിക്കുന്നത് മരണമല്ലാതെ മറ്റെന്താണ്? ജീവിതം മരണത്തിന്റെ തുടക്കം… മരണം ജീവിതത്തിന്റെയും.
ദിനേശ്വർ ശർമ്മ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, കശ്മീർ ഇന്റർ ലൊക്യൂട്ടർ, ഒടുവിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേട്ടർ ഒക്കെയായിരുന്ന കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ. 65-ാമത്തെ വയസിൽ അദ്ദേഹത്തെ മരണം കവരുമെന്ന് ആരും കരുതിയതല്ല. അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസമുണ്ടായ അകാല വിയോഗം അറിയുന്നവരെയൊക്കെ ദു:ഖത്തിലാഴ്ത്തി. നിഷ്‌കളങ്കമായ ചിരിയും വിനയവും ആരേയും സഹായിക്കാനുള്ള മനസ്ഥിതിയും ജോലിയിലുള്ള ആത്മാർത്ഥതയും പാടവവും എല്ലാം ചേർന്ന് വേറിട്ട ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാൻ കേഡറിൽ വരുമ്പോൾ എ.ഐ.ജി-2 ആയി പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചാണ് ആദ്യമായി ദിനേശ്വർ ശർമ്മ സാറിനെ കാണുന്നത്. അന്നത്തെ അതേ സ്‌നേഹവും അടുപ്പവും ഏറ്റവും വലിയ പദവിയിലിരിയ്ക്കുമ്പോഴും അദ്ദേഹം കാണിച്ചിരുന്നു. എനിക്ക് പ്രസിഡന്റ് മെഡൽ കിട്ടിയ സന്തോഷ വിവരം ആദ്യം എന്നെ ഫോണിൽ വിളിച്ചറിയിച്ചത് അദ്ദേഹമാണ്. ഏറ്റവും ഉയർന്ന പദവിയിൽ ഐ.ബിയിലിരിയ്ക്കുമ്പോഴാണത്. പോലീസ് അക്കാദമിയിൽ വരാം എന്ന വാഗ്ദാനം ബാക്കി വച്ചാണ് അദ്ദേഹം പോയത്. ഡൽഹിയിലെ ഓഫീസിൽ അദ്ദേഹം രാത്രി ഒരു മണിവരെ ജോലി ചെയ്ത ശേഷം ഡി.റ്റി.സി ബസിൽ കയറി വീട്ടിലേയ്ക്കു മടങ്ങുന്ന കാര്യം ഒരു സഹപ്രവർത്തകൻ അനുശോചന യോഗത്തിൽ ഓർമ്മിക്കുകയുണ്ടായി. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ എന്തിന് ആ പാവം ഡ്രൈവർ കൂടി ഉറക്കിളയ്ക്കണം എന്നായിരുന്നത്രേ മറുപടി. ഇത്തരം പല കഥകൾ സംസാരിച്ചവർക്കെല്ലാം പറയാനുണ്ടായിരുന്നു. രാജ്യസുരക്ഷാ കാര്യത്തിൽ അത്യന്തം പ്രാധാന്യമേറിയ പല ജോലികൾ വഹിച്ചിരുന്ന ഒരാൾ തികഞ്ഞ പ്രൊഫഷണലായിരിയ്ക്കുന്നതിനൊപ്പം തികഞ്ഞ ഒരു മനുഷ്യൻ കൂടിയായിരുന്നു എന്നത് അദ്ദേഹത്തെ അറിയുന്ന ഓരോരുത്തരും പ്രത്യേകമോർക്കുന്നു. ഒരിക്കലും കാലുഷ്യം പ്രകടിപ്പിയ്ക്കാത്ത മറ്റൊരു മുഖം ഓർത്തെടുക്കാനാവുന്നില്ല എന്നാണ് അറിയുന്ന എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. മരണത്തിന് അത്തരമൊരാളിന്റെ മുൻപിൽ എന്തു ശക്തിയാണുള്ളത്? മരണം തീർത്തും ദുർബലമായി തോന്നുന്നു. ഗയയിലെ ബോധിവൃക്ഷത്തിന്റ ഇലച്ചാർത്തുകളിൽ നിന്ന് പ്രശാന്തമായൊരു തെന്നൽ മെല്ലെ ഈ ജാലകത്തിനപ്പുറവും വീശുന്നില്ലേ?