
തിരുവനന്തപുരം: സ്വർണക്കടത്ത്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതിന് പിന്നാലെ ജയിലിലെത്തി തന്നെ ചിലർ ഭീഷണിപ്പെടുത്തിയതായുള്ള സ്വപ്നയുടെ പരാതിയിലും അന്വേഷണം നടത്താതെ പൊലീസ് ഒളിച്ചുകളിക്കുന്നു. ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിഞ്ഞ വനിതയെ ജയിലിലെത്തി ചിലർ ഭീഷണിപ്പെടുത്തിയെന്ന് അവർ കോടതിയിൽ തുറന്ന് പറയുകയും പരാതി നൽകുകയും ചെയ്തിട്ടും സംഭവത്തിൽ അന്വേഷണത്തിന് പൊലീസോ സർക്കാരോ തയ്യാറാകാത്തത് സംശയങ്ങൾക്കിടയാക്കിയിരിക്കുകയാണ്.
ഭീഷണി സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്നയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും ജുഡിഷ്യൽ കസ്റ്റഡിയിലിരുന്നയാളെ അട്ടക്കുളങ്ങര വനിതാ ജയിലിൽ കടന്ന് ഭീഷണിപ്പെടുത്തിയെന്നത് അത്യന്തം ഗൗരവമുള്ള സംഗതിയാണ്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ പിടിച്ചുലച്ച കേസുമായി ബന്ധമുള്ള പ്രതിയെയാണ് ജയിലിലെത്തി ചിലർ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള കൂടുതൽ പേരെ അന്വേഷണ ഏജൻസിയ്ക്ക് ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നിരിക്കെ കേസിൽ ഡോളർ കടത്ത് കേസിൽ മാപ്പു സാക്ഷിയായി പരിഗണിക്കപ്പെടുന്ന സ്വപ്നയെ ഭീഷണിപ്പെടുത്തിയത് സത്യം പുറത്ത് വരരുതെന്നും ഉന്നതരിലേക്ക് അന്വേഷണം നീളരുതെന്നും ആഗ്രഹിക്കുന്നവരാണെന്ന് വ്യക്തം.
റിമാൻഡിൽ കഴിയുന്നയാളെ സന്ദർശിക്കാൻ ജയിൽ അധികൃതരുടെ അനുമതി ആവശ്യമാണെന്നിരിക്കെ ജയിലിലെത്തി സ്വപ്നയെ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്താൻ പൊലീസിനോ ക്രൈംബ്രാഞ്ചിനോ വിഷമമില്ല. എന്നാൽ, ശബ്ദരേഖ പുറത്തുവിട്ട സംഭവത്തിലെന്നപോലെ സ്വപ്നയെ ഭീഷണിപ്പെടുത്തിയ കേസിലും ശരിയായ വിധത്തിൽ അന്വേഷണം നടത്താതെ കേസ് തേച്ചുമായ്ച്ച് കളയാനാണ് പൊലീസിന്റെ നീക്കം. സ്വപ്നയുടേതെന്ന പേരിൽ
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ശബ്ദരേഖയെപ്പറ്റിയുള്ള അന്വേഷണം ദിവസങ്ങൾക്ക് ശേഷവും ജയിൽ വകുപ്പും ക്രൈംബ്രാഞ്ചും തമ്മിലുള്ള തർക്കത്തിൽപ്പെട്ടിരിക്കുകയാണ്. ശബ്ദരേഖ റെക്കോർഡ് ചെയ്തതും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ, സ്വപ്നയെ റിമാൻഡ് ചെയ്ത കോടതിയിൽ നിന്ന് ആര് അനുമതി വാങ്ങുമെന്നത് സംബന്ധിച്ചാണ് ജയിൽവകുപ്പും ക്രൈംബ്രാഞ്ചും തമ്മിൽ തർക്കം. കോ
ഫേപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് നിലപാടെടുത്തു. പക്ഷെ, ശബ്ദരേഖ ചോർന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയിൽവകുപ്പിന്റെ ആവശ്യം. ജയിൽവകുപ്പിന്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ എൻഫോഴ്മെൻ്റും അന്വേഷണം ആവശ്യപ്പെട്ടു. പക്ഷെ, അന്വേഷണത്തിന് ജയിൽവകുപ്പ് അനുമതിവാങ്ങി നൽകണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
ജയിൽവകുപ്പാകട്ടെ കസ്റ്റംസിനോട് അനുമതി ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് മറുപടി നൽകിയത്. ഈ മറുപടി പൊലീസിന് കൈമാറിയ ജയിൽവകുപ്പ് അനുമതിവാങ്ങേണ്ട ഉത്തരവാദിത്വം പൊലീസിനാണെന്നും വെളിപ്പെടുത്തി. എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയിരിക്കുകയാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് പൊലീസ്. കേസെടുക്കാതെ സ്വപ്നയെ ചോദ്യം ചെയ്യാനോ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താനോ അന്വേഷണ അനുമതിയ്ക്കായി കോടതിയെ സമീപിക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രിയ്ക്കും മുൻപ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനുമെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ .
ഇത് വൻ രാഷ്ട്രീയ വിവാദങ്ങൾക്കും കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രചാരണത്തിനും കാരണമായെങ്കിലും ആര് അനുമതി തേടുമെന്ന തർക്കത്തിൽ കുടുങ്ങി അന്വേഷണം നിലച്ചതോടെ ശബ്ദരേഖയ്ക്ക് പിന്നിൽ പ്രവർത്തിച്ചതാരെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
ശബ്ദരേഖ റെക്കോഡ് ചെയ്ത ഡിവൈസും പ്രചരിപ്പിച്ചവരെയും കണ്ടെത്തിയാലേ അതിന് പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാകൂ. അതിന് സൈബർ സെല്ലിന്റെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെയുള്ള ശാസ്ത്രീയ അന്വേഷണം ആവശ്യമാണ്. കോടതിയുടെ അനുമതി തേടിയാൽ മാത്രമേ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം സാദ്ധ്യമാകൂവെന്നിരിക്കെ അനുമതി തേടാതെ കേസ് അന്വേഷണം കുഴിച്ചുമൂടാനാണ് ജയിൽ വകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെയും നീക്കം.