
തിരുവനന്തപുരം: ഒരു രാജ്യം ഒരു റേഷൻ കാർഡ് സമ്പ്രദായം നടപ്പാക്കുന്ന കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങൾക്ക് 23,523 കോടിയുടെ അധിക വായ്പ കേന്ദ്രം അനുവദിക്കും. കേരളത്തിന് മാത്രം 2261 കോടിയാണ് കിട്ടുക.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനും, കൊവിഡിനെ തുടർന്ന് തകർന്ന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് ജി.എസ്.ഡി.പിയുടെ 2 ശതമാനം കൂടി വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചത്. ഇതിൽ 0.5 ശതമാനത്തിന് നിബന്ധനകളില്ല. ഒന്നര ശതമാനം നിബന്ധനകൾക്ക് വിധേയമാണ്. പൊതുജനസേവനം ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നവർക്കാണ് ഈ വായ്പ.
കുടിയേറ്ര തൊഴിലാളി കുടുംബങ്ങൾക്ക് രാജ്യത്തിന്റെ ഏത് സ്ഥലത്തും റേഷൻ സാധനങ്ങൾ സൗജന്യ നിരക്കിൽ ലഭ്യമാക്കിയവർക്കാണ് ഇതിൽ 0.25 ശതമാനം. ആന്ധ്ര, ഗോവ, ഗുജറാത്ത്, ഹരിയാന, കർണാടക, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും കൂടുതൽ വായ്പ കിട്ടും.