ചിറയിൻകീഴ്: വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മിക്കയിടത്തും ഉയരുന്നചോദ്യം ആര് ജയിക്കുമെന്നതാണ്. എൽ.ഡി.എഫ് ജയിക്കുമെന്നും യു.ഡി.എഫ് ജയിക്കുമെന്നും ബി.ജെ.പി യെന്നുമാണ് അവകാശവാദങ്ങൾ. ഇതിനിടെ വോട്ടിംഗ് ശതമാനവും സാമുദായിക വോട്ടും അളന്നു നോക്കി പ്രവചനം നടത്തുന്നവരുമുണ്ട്. ചിലയിടങ്ങളിൽ വാതുവയ്പുമുണ്ട്.പരസ്യ പ്രചാരണവും നിശബ്ദ പ്രചാരണവും ഭംഗിയായി നടത്തി പോരാട്ട വീര്യം വോട്ടർമാരിൽ എത്തിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികൾ. പലയിടങ്ങളിലും പോളിംഗ് കുറഞ്ഞും കൂടിയും നിന്നത് മുന്നണികളെ കുഴയ്ക്കുന്നുണ്ട്. തുടക്കത്തിൽ വിജയ സാദ്ധ്യത ഏറെയുണ്ടായിരുന്ന പലരും അവസാന റൗണ്ടിൽ പിന്നിലാവുകയും, വിജയപ്രതീക്ഷ അവസാന റൗണ്ടുകളിൽ വർദ്ധിച്ച് മുന്നിലായവരും കുറവല്ല. സ്വതന്ത്രരും റിബലുകളും പലയിടത്തും അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പുതുമുഖ വനിത സ്ഥാനാർത്ഥികളുടെ കുശലാന്വേഷണങ്ങൾ കൗതുകമാകുമ്പോൾ തങ്ങളുടെ സ്ഥാനാർത്ഥി പരീക്ഷണങ്ങൾ വിജയിക്കുമോ എന്ന വേവലാതിയിലാണ് മുന്നണി നേതാക്കൾ. വനിത പ്രാധാന്യമുളള പല വാർഡുകളിലും കിട്ടിയവരെ വച്ച് മത്സരിപ്പിച്ചതും പാർട്ടി നേതാക്കളെ അലട്ടുന്നുണ്ട്. വോട്ടിടാൻ വിവിധ കാരണങ്ങളാൽ മടിച്ചു നിന്നവരെ പരമാവധി എത്തിക്കുവാനും പോസ്റ്റൽ വോട്ടുകൾ ഉറപ്പിക്കാനുളള ശ്രമങ്ങളും നടത്തിയെന്നാണ് പ്രവർത്തകർ പറയുന്നത്. ഫലം അറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടതിന്റെ ടെൻഷൻ ഉണ്ടെങ്കിലും വിജയ പ്രതീക്ഷ ഈ ടെൻഷൻ മാറ്റുകയാണെന്നാണ് സ്ഥാനാർത്ഥികളും ഒപ്പമുളളവരും പറയുന്നത്. വോട്ടുകളെല്ലാം യന്ത്രത്തിലായതോടെ ഇനിയുളള നാൾ പാർട്ടി കേന്ദ്രങ്ങളിൽ കൂട്ടലും കിഴിക്കലുമായിരിക്കും.