dddd

തിരുവനന്തപുരം: ലഹരികടത്താനുള്ള തടവുകാരുടെ അടവുകൾ ഇനി അവർ മണത്ത് പിടിക്കും. ഇതിനായി പൂജപ്പുര സെൻട്രൽ ജയിലിൽ ഡോഗ് സ്‌ക്വാഡ് ഉടൻ ഡ്യൂട്ടി തുടങ്ങും. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിരന്തര ഇടപെടലിന് പിന്നാലെയാണ് ഡോഗ് സ്‌ക്വാഡ് പൂജപ്പുരയിലും യാഥാർത്ഥ്യമാകുന്നത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട രണ്ട് പെൺനായ്‌ക്കളാണ് ഡോഗ് സ്ക്വാഡിനെ നയിക്കുക.

2015ൽ ലോക്‌നാഥ് ബെഹ്റ ജയിൽ ഡി.ജി.പിയായിരുന്നപ്പോഴാണ് ജയിലുകളിൽ ഡോഗ് സ്ക്വാഡ് ആരംഭിക്കുന്നത്

നിലവിൽ കണ്ണൂരും വിയ്യൂരും മാത്രമേ രണ്ടുവീതം നായ്ക്കളുള്ള ഡോഗ് സ്ക്വാഡുള്ളൂ

നേരത്തെ കണ്ണൂർ,വിയ്യൂർ സെൻട്രൽ ജയിലുകളിൽ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവും ആയുധങ്ങളുമടക്കമുള്ള വസ്‌തുക്കൾ കണ്ടെത്തിയിരുന്നു

അലക്ഷ്യമായി ഗേറ്റ് രജിസ്റ്റർ കൈകാര്യം ചെയ്യുന്നതുമൂലം നിരവധി ക്രമക്കേടുകൾ ജയിലുകളിൽ നടക്കുന്നതായുള്ള ജയിൽ ഡി.ജി.പിയുടെ സർക്കുലറും പുറത്തെത്തിയിരുന്നു

തടവുകാർ പുറത്തുപോയി തിരികെയെത്തുമ്പോൾ ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ കഞ്ചാവും ലഹരിമരുന്നുകളും മൊബൈൽഫോണുകളും ഒളിപ്പിച്ച് ജയിലിലേക്ക് കടത്തും

പ്രവേശന കവാടത്തിൽ പരിശോധന ശക്തമല്ലാത്തതും ഗേറ്റ് രജിസ്റ്ററിലെ ക്രമക്കേടുകളും ഇതിന് വഴിയൊരുക്കി

ഇതിനെല്ലാം പരിഹാരമായാണ് ഡോഗ് സ്ക്വാഡിന്റെ സേവനം പൂ‌ർണമായി തേടിയത്

നിത്യേന എല്ലാ സെല്ലുകളിലും ജയിൽ പരിസരത്തും ഡോഗ് സ്ക്വാഡ് റോന്തുചുറ്റും

കവാടത്തിലുമുണ്ടാകും പ്രത്യേക പരിശോധന

അവരെത്തിയത് 9 മാസത്തെ

പരിശീലനത്തിന് ശേഷം

തൃശൂരിൽ നിന്ന് വാങ്ങിയ 'കെയ്റയും റൂബിയും' കേരള പൊലീസ് അക്കാഡമിയിലെ 9 മാസത്തെ പരിശീലനത്തിന് ശേഷം പൂജപ്പുരയിലെത്തിയിട്ടുണ്ട്. മാർച്ച് മൂന്നിന് തുടങ്ങിയ പരിശീലനം അവസാനിച്ചത് ഡിസംബർ മൂന്നിനായിരുന്നു. പൊലീസ് ഡോഗ് സ്ക്വാകാഡിനൊപ്പമായിരുന്നു പരിശീലനവും പാസിംഗ് ഒൗട്ടും. ലഹരി വസ്തുക്കൾ മണത്ത് പിടിക്കാൻ ഇവയെ പ്രത്യേകം പരിശീലിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഒരു വയസ് പ്രായമാകുന്നതേയുള്ളൂ.

ചുമതല 4 ഉദ്യോഗസ്ഥർക്ക്

ഒരു ഡെപ്യൂട്ടി പ്രിസൺ ഓഫീസ‌ർ ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥർക്കാണ് ഡോഗ് സ്ക്വാഡിന്റെ ചുമതല. സ്ക്വാഡിനായി പുതിയ പെട്രോൾ പമ്പിന് സമീപം പുതിയ കെട്ടിടവും ഓഫീസും സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നു പരിശീലനം.

ലാബ്രഡോർ

കനേ‌ഡിയൻ വംശജരായ,റിട്രീവർ ഇനത്തിൽപ്പെട്ട വേട്ട നായ്ക്കളാണ് ലാബ്രഡോർ.റിട്രീവർ എന്നാൽ കണ്ടെത്തുന്ന എന്നർത്ഥം. മണത്ത് പിടിക്കാൻ പ്രത്യേക കഴിവുള്ള ലാബ്രഡോർ പൊലീസ് ഡോഗ് സ്ക്വാഡിലും ബോംബ് സ്ക്വാഡിലും ഏറെയുണ്ട്.സഹായിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന നായകൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്.

ഉദ്ഘാടനം നാളെ

ഡോഗ് സ്ക്വാഡിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പൂജപ്പുര സെൻട്രൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിക്കും. ഇതിന് ശേഷം നായ്കളുടെ ചെറിയ പ്രകടനവുമുണ്ടാകും.