
ആരോഗ്യത്തോടെയിരിക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമാണ്. എന്നുകരുതി, രോഗമില്ലാത്ത അവസ്ഥ മാത്രമാണ് ആരോഗ്യം എന്ന് ധരിക്കരുത്. ശാരീരികവും മാനസികവുമായുള്ള സുഖവും സന്തോഷവും സംതൃപ്തിയോടെ അനുഭവിക്കുന്ന ഒരാൾ മാത്രമാണ് ആരോഗ്യത്തോടെയിരിക്കുന്നത് എന്ന് പറയുന്നതാവും ശരി.
ആരോഗ്യവാനാണോ എന്നറിയാൻ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇതിനൊപ്പം ചികിത്സകനെ കൂടി ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.
കാരണം, ഇത് മനസ്സിലാക്കുന്ന ഡോക്ടർക്ക് നിങ്ങൾ സ്വസ്ഥനാണോ അല്ലയോ എന്ന് അറിയാൻ എളുപ്പമുള്ള വിധത്തിൽ ആയുർവേദശാസ്ത്രത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ആരോഗ്യത്തിന്റെലക്ഷണങ്ങൾ
ഭക്ഷണം കഴിച്ചുശീലിച്ച സമയങ്ങളിൽ വിശപ്പ് ഉണ്ടാകുന്നുണ്ടോ എന്നതാണ് ആദ്യത്തെ കാര്യം. കുട്ടികളെ സംബന്ധിച്ച് അവർക്ക് വിശപ്പ് ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ എന്തും വാങ്ങി നൽകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതേ അവസ്ഥ തന്നെയാണ് മുതിർന്നവരായാലും നമ്മളൊക്കെ ശീലിച്ചിട്ടുള്ളത്. വിശക്കാതിരിക്കാൻ വേണ്ടി ആഹാരം കഴിക്കുക എന്ന രീതിയാണ് ഇപ്പോൾ അധികമായി കാണുന്നത്. അഥവാ വിശന്നു പോയാൽ പിന്നെ കിട്ടുന്നതെന്തും കഴിക്കുകയോ, വിശക്കാതിരിക്കാനായി അധികമായി കഴിക്കുകയോ ചെയ്യുന്നവരാണ് അധികവും.
എന്നാൽ, ആഹാരം ശരിയായി ദഹിക്കുന്നെങ്കിൽ മാത്രമേ അതനുസരിച്ചുള്ള ആരോഗ്യാവസ്ഥ ഉണ്ടാകൂ എന്ന് പറയേണ്ടി വരും. ആഹാരം ശരിയായി ദഹിക്കാത്ത ഒരാളിനെ സംബന്ധിച്ച് അയാളുടെ മെറ്റബോളിസത്തിൽ വരുന്ന ബുദ്ധിമുട്ടുകൾ നിരവധി രോഗങ്ങളെ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല.
ശരിയായി മലമൂത്രവിസർജ്ജനം നടക്കുന്നുണ്ടേ എന്നത് രണ്ടാമത്തെ കാര്യം.
പലരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനൊക്കെ കൃത്യത ഉണ്ടായിരിക്കുന്നവർക്ക് ആരോഗ്യവും അല്ലാത്തവർക്ക് രോഗവുമുണ്ടാകും.
കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം തോന്നുന്ന വിധത്തിൽ ശരീരത്തിന് ലഘുത്വം അനുഭവപ്പെടുന്നോ എന്നതാണ് മറ്റൊരു കാര്യം. ആയാസരഹിതമായി ശരീരം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത് ആരോഗ്യമുള്ളവർക്കാണ്. അല്ലാത്തവരാണ് വേദനയും പിടിത്തവും കോച്ചിവലിയുമൊക്കെയായി സന്ധികളും ശരീരമാകെയും അനക്കാൻ പ്രയാസപ്പെടുന്നത്.
ശരിയായി കാണാനും കേൾക്കുന്നത് ശരിയായി മനസ്സിലാക്കാനും പഠിക്കുന്നത് ശരിയായി ഓർമ്മിക്കാനും സാധിക്കുന്നുണ്ടോയെന്ന് അറിയണം.
ഇന്ദ്രിയങ്ങളും അവയുടെ അർത്ഥങ്ങളും തമ്മിൽ യോജിച്ചു തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയാൻ ഇതിലൂടെ കഴിയും.
നന്നായി ഉറങ്ങുന്നതിനും ഉൻമേഷത്തോടെ ഉണരുന്നതിനും സാധിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. അധികമുറങ്ങുന്നവർക്കും സമയത്തുറങ്ങാത്തവർക്കും ശരിക്കുറങ്ങാൻ സാധിച്ചുവെന്ന് വരില്ല. അൽപമാത്രമായി ഉറങ്ങുന്നതും തോന്നുമ്പോഴൊക്കെ ഉറങ്ങുന്നതും നല്ലതല്ല.
ശരീരബലില്ലാതെ ഒന്നും ചെയ്യാനാകില്ല. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും'എന്ന അവസ്ഥ ആരോഗ്യകരമല്ല.
ശരീരത്തിനും കണ്ണിനും അസ്വാഭാവികനിറമാണെങ്കിൽ പല രോഗങ്ങളെയും സംശയിക്കേണ്ടി വരും. കണ്ണിൽ തന്നെയുള്ള കറുപ്പ് നിറം കറുപ്പായും വെളുപ്പ് നിറം വെളുപ്പായുമിരിക്കണം. പതിവിന് വിപരീതമായ നിറങ്ങൾ ശരീരത്തെവിടെ കണ്ടാലും അത് ശ്രദ്ധിക്കുകയും, രോഗാവസ്ഥയല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
ശരീരവും മനസ്സും ചേർന്നുള്ള യോജിച്ച പ്രവർത്തനമാണ് ആരോഗ്യമുണ്ടാക്കുന്നത്. ശാരീരികാരോഗ്യത്തിനൊപ്പമുള്ള സ്ഥാനം മാനസികാരോഗ്യത്തിനും നൽകണം. ആഹാരം കഴിക്കുന്നത് ശരിയായി ദഹിക്കുന്നതായും ശരീരത്തിന് പോഷണം ലഭിക്കുന്നതായും അനുഭവപ്പെടേണ്ടതുണ്ട്.
ചിലർ വളരെയധികം ഭക്ഷണം കഴിക്കും. എന്നാൽ, അതുകൊണ്ട് പോഷണം ഉണ്ടാകണമെന്നില്ല. കഴിച്ച അമിതാഹാരം ദഹിക്കാൻ തന്നെ ശരീരബലം വളരെ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നവരുണ്ട്.
ഇക്കാര്യങ്ങൾക്കെല്ലാം ഉത്തരം 'ഇല്ല' എന്നാണെങ്കിൽ എന്തോ പ്രശ്നമുണ്ടെന്നും, അതിൽ ഇടപെടേണ്ടതുണ്ടെന്നും, ചിലപ്പോൾ ചികിത്സ ആവശ്യമായി വരുമെന്നും മനസ്സിലാക്കണം.
ചികിത്സ വേണ്ടാത്ത ആരോഗ്യം
മരുന്നും ചികിത്സയുമില്ലാതെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച് നിരവധി ഉപദേശങ്ങളും നിർദ്ദേശങ്ങളും ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. അവയിൽ ചിലത് പറയാം. കുട്ടികളെപ്പോലെ മുതിർന്നവരും ഇവയെല്ലാം എല്ലാക്കാലത്തും പാലിക്കണം. ആരോഗ്യമുള്ളവർ പണിയെടുക്കാതെ സ്വന്തം ജോലികൾക്ക് അന്യരെ ആശ്രയിച്ചു കഴിയരുത്. പരിചയമില്ലാത്തവരുടെ കൂടെ എവിടെയും പോകരുത്. ദുഃഖിതർ, പ്രായമുള്ളവർ, സ്ത്രീകൾ, ഭാരം ചുമക്കുന്നവർ, രോഗികൾ എന്നിവരെ സഹായിക്കണം. അന്യർ തരുന്നതും ശുചിത്വമില്ലെന്ന് തോന്നുന്നതുമായ ഭക്ഷണം കഴിക്കരുത്. സഹായികളുടെ കാര്യംകൂടി അന്വേഷിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവരാകരുത്.
നഖം കടിക്കരുത്. നഖവും തലമുടിയും വൃത്തിയാക്കണം. കൃത്യമായ ഇടവേളകളിൽ അവ മുറിക്കണം.
വഴക്കും, വൈരാഗ്യവും, ഏഷണിയും, പരദൂഷണവും ആരോഗ്യത്തെ ബാധിക്കും.
പഠനത്തിലൊഴികെ മറ്റെല്ലാറ്റിലും ഉള്ളതുകൊണ്ട് തൃപ്തി ഉള്ളവരാകണം.
പഠനത്തിൽ കൗതുകമുള്ളവരാകണം. ഉയർന്ന ലക്ഷ്യബോധവും വേണം. നല്ല ഭാവി ഭാവനയിൽ കണ്ട് അതനുസരിച്ച് പഠിക്കണം. തൊഴിൽ, സ്വത്ത്, ദേഹബലം, പഠിപ്പ് എന്നിവയിൽ തന്നെക്കാൾ മോശമായവരെ കളിയാക്കരുത്. അപമാനിക്കുകയും ചെയ്യരുത്. മറ്റുള്ളവരുടെ നേട്ടത്തിൽ അസൂയ പാടില്ല. എന്നാൽ, സമർത്ഥമായി നേട്ടങ്ങൾക്കായി കൂടുതൽ പ്രയത്നിക്കുകയും വേണം.
അറിവ് മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നതും പങ്കുവയ്ക്കുന്നതും അറിവിനെ ഇരട്ടിപ്പിക്കും. സന്ധ്യാസമയത്ത് ഭക്ഷണം, ഉറക്കം, പഠനം ഇവ പാടില്ല.
ആരോഗ്യരക്ഷയ്ക്ക് വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണ്. (രോഗികളും അവശത ഉള്ളവരും വ്യായാമം ചെയ്യണമെന്ന് നിർബന്ധമില്ല)
ഭക്ഷണം കഴിച്ചാലുടൻ ആയാസമുള്ള പണികൾ പാടില്ല. ആരോഗ്യം, ആയുസ്സ്, ഐശ്വര്യം, അറിവ് എന്നിവ വേണ്ടുവോളമുണ്ടെന്ന് അഹങ്കരിക്കരുത്. അഭിമാനിക്കുകയും ചെയ്യരുത്.
വിദ്യാഭ്യാസ സമയത്ത് മുത്തിൽ (കുടങ്ങൾ), ബ്രഹ്മി എന്നിവ ഉപയോഗിക്കുന്നത് ബുദ്ധി വർദ്ധിപ്പിക്കാനും ഓർമ്മശക്തിയെ വളർത്താനും നല്ലതാണ്.
ചില ആഹാരപദാർത്ഥങ്ങൾ ഒരുമിച്ചുപയോഗിക്കരുതെന്ന് ആയുർവേദം പ്രത്യേകം ഉപദേശിക്കുന്നു.
വിരുദ്ധാഹാരങ്ങൾ
ഇറച്ചിയും പാലും, പാലും മത്സ്യവും, പാലും പഴവും, പാലും പുളിയുള്ളവയും,
പാലും ഉഴുന്നും, കോഴിയിറച്ചിയും തൈരും, മീനും തൈരും, പാലും ഉപ്പും,
തൈര് , തേൻ എന്നിവയോടൊപ്പം ചൂടുള്ളതും കഴിക്കരുത്.
തേൻ, നെയ്യ്, തൈര്, വെള്ളം ഇവയിലേതെങ്കിലും ഒരുമിച്ച് കഴിക്കുമ്പോൾ ഒരേ അളവിൽ എടുക്കരുത്. ഉഷ്ണവീര്യവും ശീതവീര്യവും കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്. പഴയതും പുതിയതും ചേർത്ത് കഴിക്കരുത്.
( ചില ഹോട്ടലുകളിൽ പേരുകേട്ട സ്പെഷ്യൽ മീൻകറി ഇപ്രകാരം ഉള്ളവയാണ് )
പച്ചയും പഴുത്തതും ഒരുമിച്ചു കഴിക്കരുത്.