
പന്നിയൂർ: മണ്ണിൽ അദ്ധ്വാനിച്ച് പൊന്ന് വിളയിച്ചാലും വിപണിയും വിലയും എന്നും കർഷകന്റെ നൊമ്പരമാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യോത്പാദനത്തിന്റെ വലീയൊരു ഭാഗം നശിക്കുമ്പോഴും മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നത് കേവലം 2.2 ശതമാനം മാത്രമാണ്. സാമ്പത്തിക പ്രയാസത്തിൽ വലയുന്ന കർഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകാനുള്ള സാദ്ധ്യതകളാകട്ടെ ആരും അറിയാറുമില്ല.
ഇതിനൊരു പരിഹാരമെന്നോണം പന്നിയൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൊവിഡ് കാലത്ത് തുടങ്ങിയ ഭക്ഷ്യ സംസ്കരണ ഇൻക്യുബേഷൻ സെന്റർ കർഷകർക്ക് ആശ്രയമാകുകയാണ്. പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യവും പരിശീലനവുമാണ് ഡോ. ജയരാജിന്റെയും പ്രൊഫ. സ്റ്റെഫി ദാസ്, ഡോ. കെ.പി. മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നൽകുന്നത്.
ഏത്തവാഴ കൃഷി നഷ്ടമില്ലാതിരിക്കാൻ ഒരു കിലോ പഴത്തിന് 30 രൂപയെങ്കിലും വേണം. എന്നാലിപ്പോൾ കർഷകന് ലഭിക്കുന്നത് 18-22 രൂപയാണ്. കർണ്ണാടകയിൽ നിന്നുള്ള ഇറക്കുമതി കൂടിയതോടെ അധികനാൾ സൂക്ഷിക്കാനുമാകില്ല. ഇതോടെ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. 35 കിലോ ഏത്തപ്പഴം സംസ്കരിച്ചാൽ 20 കിലോ ഹൽവ ലഭിക്കും. ഒരു കിലോ ഹൽവ കിലോയ്ക്ക് 250 രൂപയ്ക്ക് വിൽക്കാം. പ്രിസർവേറ്റീസ് ഉപയോഗിക്കാതെ നെയ്യും പഞ്ചസാരയും ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കിയാൽ ആറു മാസം വരെ കേടാകില്ലെന്ന് സ്റ്റെഫി പറയുന്നു. അതായത് ഇപ്പോഴത്തെ വിലയനുസരിച്ച് 900 രൂപയുടെ പഴവും മറ്റു ചേരുവയും ചേർത്താൽ അയ്യായിരം രൂപയുടെ ഹൽവ ഉണ്ടാക്കാമെന്ന് സാരം. ഇതൊക്കെ ക്ലിക്കായാൽ കർഷകർക്ക് ആരുടെയും കാരുണ്യം കാത്തിരിക്കേണ്ടി വരില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് നേടി ഉത്പന്നങ്ങൾ വിൽക്കാനുള്ള സഹായവും ഇവർ നൽകും.
കർഷകർ കൊണ്ടു വരുന്ന പഴവും പച്ചക്കറികളും വൈദ്യുതി ചെലവും ചെറിയ വേതനവും മാത്രം വാങ്ങി ഇവിടെ നിന്നും സംസ്കരിച്ച് നൽകുന്നുണ്ട്. ഏത്തപ്പഴത്തിൽ നിന്നും ഹൽവ, ജാം, പിണ്ടിയിൽ നിന്നും സ്ക്വാഷ് എന്നിവയുണ്ടാക്കാം. ഫാഷൻ ഫ്രൂട്ടിൽ നിന്നും സ്ക്വാഷ്, ജാം, തോടുകൊണ്ട് അച്ചാർ എന്നിവയുണ്ടാക്കി മടങ്ങാം.
ലോക്ക്ഡൗൺ കാലത്ത് വിപണി കിട്ടാതെ വലഞ്ഞ ഉദയഗിരി മണക്കടവിൽ ഫാഷൻ ഫ്രൂട്ട് കർഷകൻ ഇവിടെ നിന്നും കിട്ടിയ പ്രോത്സാഹനത്തോടെ ഉഗ്രനൊരു സംരംഭം തുടങ്ങിയിട്ടുണ്ട്.
ഗുണമേന്മയുടെ 100 തേങ്ങയുമായി എത്തിയാൽ 5.5 ലിറ്റർ വെർജിൻ വെളിച്ചെണ്ണയുമായി മടങ്ങാം. ഒരു ലിറ്ററിന് 1100 രൂപയാണ് വില. ഇതിൽ നിന്നും പേടയും ആർ.ടി.എഫ് ഡ്രിങ്കും ലഭിക്കും. ഫ്രൂട്ട് മിൽ, പൾപ്പർ, വെളിച്ചെണ്ണ സംസ്കരിക്കാൻ കോക്കനട്ട് മിൽക്ക് പ്രസിംഗ് മെഷീൻ, വി.സി.ഒ കുക്കർ, ഡ്രയർ, ഹോട്ടയർ ഓവൺ, വാക്വം പാക്കേജിംഗ് മെഷീൻ, ഇൻഡക്ഷൻ സീലിംഗ് മെഷീൻ, വെജിറ്റബിൾ കട്ടിംഗ് മെഷീൻ, മിനി ഓയിൽ മിൽ, റൈസ് മിൽ, ഫ്ലോർ മിൽ, ഡ്രയർ എന്നിങ്ങനെയുള്ള ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്. 12,500 രൂപ മുതൽ രണ്ട് ലക്ഷം രൂപ വിലയുള്ള വാക്വം പാക്കേജ് മെഷീൻ വരെ ഇവിടെ നിന്നും പരിചയപ്പെടാം.
ഒരു വാഴയിൽ നിന്നും ശരാശരി 300 രൂപയൊക്കെയാണ് ലാഭം കിട്ടുന്നതെങ്കിൽ 1600 രൂപ വരെ കിട്ടാവുന്ന സാദ്ധ്യതയാണ് പന്നിയൂരിൽ നിന്നും പഠിക്കാൻ സാധിക്കുക. പിണ്ടിയും കൂമ്പിനും വരെയുണ്ട് സംസ്കരണ സാദ്ധ്യത. ഒരു ദിവസം കൊണ്ട് കേടാവുന്ന കൂൺ ഉണക്കി സംസ്കരിച്ചാൽ 4000 രൂപവരെയും വില കിട്ടും.
ജില്ലയിലെ അഞ്ഞൂറോളം പേർ ഇതിനകം പരിശീലനം നേടിയിട്ടുണ്ട്. നൂറിലേറെ സംരംഭങ്ങളും തുടങ്ങി. ആരംഭിക്കാൻ ജില്ലാ വ്യവസായ വകുപ്പും സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോഴ്സ്യവും സഹായം നൽകുമെന്നും അധികൃതർ പറയുന്നു. പത്ത് പേരൊക്കെ തയ്യാറായി വന്നാൽ പരിശീലവും നൽകും. രാവിലെ 9-5 വരെയാണ് പരിശീലനം.
ഫോൺ: 0460- 222 6087