
തിരുവനന്തപുരം: പാേസ്റ്റ് ഗ്രാഡ്വേറ്റ് ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ ദേശവ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, കൊവിഡ് ചികിത്സാ വിഭാഗം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും പണിമുടക്കുമെന്ന് എെ.എം.എ അറിയിച്ചു. ഒ.പി പൂർണമായും സ്തംഭിക്കുമെന്നും മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള ശസ്ത്രക്രിയകൾ മുടങ്ങുമെന്നും സെക്രട്ടറി ഡോ. പി. ഗോപികുമാർ പറഞ്ഞു.
കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ, സ്വകാര്യ ആശുപത്രി ഡോക്ടർമാർ തുടങ്ങിയവരും പണിമുടക്കിൽ പങ്കുചേരും. പണിമുടക്കിന് മുന്നോടിയായി കഴിഞ്ഞദിവസം മുന്നൂറോളം കേന്ദ്രങ്ങളിൽ ഡോക്ടർമാർ പ്രകടനം നടത്തി.