
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച പൂർത്തിയായപ്പോൾ ഉയർന്നുവന്ന പരാതികളിലൊന്ന് വോട്ടർ പട്ടികയിലെ അപാകതയെച്ചൊല്ലിയുള്ളതാണ്. സംസ്ഥാനത്ത് നിയമസഭാ - ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ചുമതലക്കാരനായ സ്റ്റേറ്റ് ഇലക്‌ഷൻ കമ്മിഷർ ടിക്കാറാം മീണയ്ക്കു തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന വാർത്ത വലിയ നാണക്കേടായി. മീണയ്ക്കു മാത്രമല്ല ചീഫ് സെക്രട്ടറി ഉൾപ്പെടെ മുപ്പതോളം ഉന്നത ഉദ്യോഗസ്ഥർക്കും വോട്ടുചെയ്യാനാകാത്ത അവസ്ഥ സൃഷ്ടിച്ചത് വോട്ടർ പട്ടികയിൽ ഇടംപിടിക്കാത്തതിനാലാണ്. അനവധി സാധാരണ വോട്ടർമാർക്കും ഇതേ സാഹചര്യം നേരിടേണ്ടിവന്നു. വോട്ടർ പട്ടിക പുതുക്കുന്നതിനും ക്രമവൽക്കരിക്കുന്നതിനും വിപുലമായ ഏർപ്പാടുകൾ ചെയ്തെങ്കിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നുവേണം അനുമാനിക്കാൻ. ഒരേ വീട്ടിൽത്തന്നെ പട്ടികയിൽ നിന്നു വിട്ടുപോയവരുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സ്ളിപ്പ് വിതരണത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. പട്ടികയിൽ പേരുണ്ടോ എന്നു നോക്കി വോട്ടവകാശം ഉറപ്പുവരുത്തേണ്ടത് പൗരന്റെ ചുമതലയാണെന്നു വാദിക്കാമെങ്കിലും ഔദ്യോഗിക തലത്തിൽ സംഭവിച്ച വീഴ്ച മറച്ചുവച്ചിട്ടു കാര്യമില്ല. ഇത്തരം കാര്യങ്ങൾ തെറ്റില്ലാതെ നടത്താൻ വേണ്ടിയാണല്ലോ പ്രത്യേക ഇലക്‌ഷൻ വിഭാഗം തന്നെ പ്രവർത്തിക്കുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിന് ആധാരമാക്കേണ്ട വോട്ടർ പട്ടികയെച്ചൊല്ലി ആദ്യം തൊട്ടേ ഉയർന്ന വിവാദങ്ങളും കോടതി ഇടപെടലുമെല്ലാം സ്മരണീയമാണ്. ഒടുവിൽ 2015-ലെ തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർ പട്ടികയാണ് പരിഷ്കരിച്ച് ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയും മരണമടഞ്ഞവരെയും താമസ സ്ഥലം മാറിയവരെയും ഒഴിവാക്കിയും പട്ടിക പരിഷ്കരിച്ചിട്ടുണ്ട്. ഈ നടപടി ശുഷ്കാന്തിയോടും തെറ്റില്ലാതെയും ചെയ്തിരുന്നുവെങ്കിൽ വോട്ടർ പട്ടികയെക്കുറിച്ച് പരാതി ഉയരുമായിരുന്നില്ല.
ഏതു തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയെച്ചൊല്ലി പരാതികളും വിവാദങ്ങളും ഉയരാറുണ്ട്. സമ്മതിദാനാവകാശം അമൂല്യമാണെന്നും ഒരാളും മാറിനിൽക്കരുതെന്നും ഉദ്‌ബോധനങ്ങൾ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ പ്രവർത്തകർ അത്യദ്ധ്വാനം നടത്തുന്നതുകൊണ്ടാണ് വോട്ടർ പട്ടിക ഇത്രയെങ്കിലും വിശ്വസനീയമായി നിലകൊള്ളുന്നതെന്ന് സംശയമില്ലാതെ പറയാം. പേരുചേർക്കാനും പുതുക്കാനും മാറ്റം വരുത്താനുമൊക്കെ അവർ സദാ സഹായത്തിനുണ്ടാകും.
ഓരോ അഞ്ചുവർഷവും ഏതെങ്കിലുമൊരു തിരഞ്ഞെടുപ്പുണ്ടാകുമെന്നതിനാൽ യഥാർത്ഥത്തിൽ ഒരൊറ്റ വോട്ടർ പട്ടികയുടെ ആവശ്യമേ ഉള്ളൂ. വിചിത്രമെന്നു പറയട്ടെ ഇവിടെ ഓരോ തിരഞ്ഞെടുപ്പിനും ഓരോ പട്ടികയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയല്ല നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനായി വീണ്ടും പ്രത്യേക വോട്ടർ പട്ടിക സൃഷ്ടിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതിനെച്ചൊല്ലി വൻ വിവാദവും ഉയരും. വിവരശേഖരണത്തിലും ശാസ്‌ത്രീയമായി പട്ടിക തയ്യാറാക്കുന്നതിലും വളരെയധികം പുരോഗതി പ്രാപിച്ചിട്ടും സ്വാതന്ത്ര്യലബ്ധിക്കാലത്തെ പഴഞ്ചൻ രീതിയാണ് ഇപ്പോഴും. ഇവയൊക്കെ അടിമുടി പരിഷ്കരിക്കേണ്ട കാലം എന്നേ കഴിഞ്ഞു. പതിനെട്ടു വയസ് പൂർത്തിയാകുന്ന മുറയ്ക്ക് വോട്ടവകാശം സിദ്ധിക്കുമെന്നതിനാൽ ഒരിക്കൽ പട്ടികയിൽ ഉൾപ്പെട്ടുകഴിഞ്ഞാൽ മരണം വരെയും അതു നിലനിറുത്താൻ കഴിയണം. താമസ സ്ഥലം മാറുന്നതിനനുസരിച്ച് ത്രിശങ്കുവിലാകേണ്ടതല്ല വോട്ടവകാശം. റേഷൻ കാർഡിൽ വരുത്തിയ വിപ്ളവകരമായ പരിഷ്കാരം വോട്ടർ പട്ടികയ്ക്കും ബാധകമാക്കുന്നതിനെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കാവുന്നതാണ്. ജനങ്ങളിൽ ഏതാണ്ട് മുഴുവൻ പേരും ആധാർ കാർഡ് എടുത്തുകഴിഞ്ഞ സ്ഥിതിക്ക് വോട്ടർ പട്ടികയും ആധാറുമായി ബന്ധിപ്പിക്കാനാകും. വിരലടയാളം മാത്രം മതിയാകും വോട്ടറെ തിരിച്ചറിയാൻ. വോട്ടെടുപ്പ് പ്രക്രിയ ലളിതമാക്കാനും അനാവശ്യ ചെലവ് ഒഴിവാക്കാനും ഈ പരിഷ്കരണം ഉപകരിക്കും. തിരഞ്ഞെടുപ്പിലെ കള്ളവോട്ടും അതുപോലുള്ള കൃത്രിമങ്ങളും പൂർണമായും തടയാനാകുമെന്ന മെച്ചവുമുണ്ട്. വിവരസാങ്കേതിക വിദ്യയുടെ അത്ഭുതാവഹമായ സാദ്ധ്യതകൾ തിരഞ്ഞെടുപ്പ് രംഗത്ത് വേണ്ടതോതിൽ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല. വോട്ടിംഗ് യന്ത്രം വന്നതാണ് ആകെക്കൂടി പറയാവുന്ന പുതിയ മാറ്റം. അതിനെതിരെയും വമ്പിച്ച തോതിൽ പ്രചാരം നടക്കുകയാണ്. ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി നിൽക്കുന്നവരുടെ മുൻപന്തിയിൽ അറുപതു വർഷത്തോളം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയുമുണ്ട്. തിരഞ്ഞെടുപ്പുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിലും ഒട്ടുമിക്ക കക്ഷികളും മുഖം തിരിഞ്ഞാണു നില്പ്. മറ്റെല്ലാ മേഖലകളിലും പരിഷ്കരണം വേണമെന്നു വാദിക്കുന്നവർ തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ കാര്യം വരുമ്പോൾ പാരമ്പര്യവാദികളാകുന്നതു കാണാം. ഏതായാലും വോട്ടർ പട്ടികയുടെ കാര്യത്തിൽ ഒരു പുനഃശ്ചിന്തനം വളരെ ആവശ്യമായിരിക്കുന്നു. എല്ലാ തിരഞ്ഞെടുപ്പിനുമായി ഒരൊറ്റ വോട്ടർ പട്ടികയുടെ ആവശ്യമേയുള്ളൂ.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്നു നടക്കുകയാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ്. തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് പ്രതീക്ഷിച്ചതിനെക്കാൾ വോട്ടർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തലസ്ഥാന ജില്ലയാണ് അല്പമൊന്നു പിന്നാക്കം പോയത്. മറ്റിടങ്ങളിൽ വോട്ടിംഗ് ശതമാനം ഏറെ ഉയർന്നുതന്നെയായിരുന്നു. പറയത്തക്ക അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ വോട്ടെടുപ്പ് പൂർത്തിയായതും ആശ്വാസത്തിനു വക നൽകുന്നു. കൊവിഡ് മാനദണ്ഡങ്ങൾ വേണ്ടവിധം പാലിക്കപ്പെട്ടില്ല എന്നതു മാത്രമാണ് ആകെയുണ്ടായ പ്രധാന പരാതി. അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണത്. ഇനി നടക്കുന്ന വോട്ടെടുപ്പിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം.