mammooty

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളോടൊപ്പം യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോയുള്ള സാഹചര്യമുണ്ടായിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കറെയും ഓഫീസിനെയും ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഊഹാപോഹങ്ങൾ പോലെയുള്ള കാര്യങ്ങൾ ശരിയല്ല. നേരത്തേ തന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതാണ്. വിദേശത്തുള്ള സംഘടനകളുടെ നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാൻ നിർബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. സഹോദരങ്ങൾ വിദേശത്തായതിനാൽ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു.
വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമുണ്ട്. അതിലൊന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല. വിശദാംശങ്ങൾ വേണമെന്നുണ്ടെങ്കിൽ ഓഫീസിൽ ലഭ്യമാണ്. യാത്രകൾ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്. ഔദ്യോഗിക സ്വഭാവമുള്ള യാത്രകൾക്കെല്ലാം നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗിക കാര്യങ്ങൾക്കുള്ള യാത്രാച്ചെലവ് മാത്രമേ സർക്കാരിൽ നിന്ന് ഉപയോഗിച്ചിട്ടുള്ളൂയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.