
തിരുവനന്തപുരം: നാല് വർഷത്തിനിടയിൽ പതിന്നാല് തവണ യു.എ.ഇയിലേക്ക് താൻ യാത്ര ചെയ്തതെന്ന് കഴിഞ്ഞ ജൂലായ് 16ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറയുന്നു.സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട്ടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതും പിന്നാലെ സ്പീക്കർ നിരവധി തവണ യു.എ.ഇയിലേക്ക് പറന്നുവെന്ന പ്രചാരണമുയർന്നതിനെയും തുടർന്നാണ് സ്പീക്കർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.തന്റെ കുടുംബാംഗങ്ങൾ വർഷങ്ങളായി യു.എ.ഇയിൽ സ്ഥിരതാമസമാണെന്നും അവിടെ പരിപാടികൾക്ക് ക്ഷണം ലഭിക്കുമ്പോൾ അവരെക്കൂടി സന്ദർശിക്കാനുള്ള അവസരമാണെന്ന് കരുതി പലപ്പോഴും അത് സ്വീകരിക്കാറുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സ്പീക്കർ വിശദീകരിച്ചിരുന്നു."കഴിഞ്ഞ 4 വർഷങ്ങൾക്കിടയിൽ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയാണ്. അതിൽ 5 യാത്രകൾ കൂടുതൽ പ്രതിപക്ഷ പ്രാതിനിദ്ധ്യമുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ്. 5 യാത്ര ലോക കേരള സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക മീറ്റിംഗുകൾക്കാണ്. ഒരു യാത്ര ഈയിടെ സഹോദരന് അവിചാരിതമായി ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നപ്പോഴാണ്. മറ്റ് യാത്രകൾ തന്റെ കുടംബത്തോടൊപ്പമായിരുന്നു.വ്യക്തിപരമായ യാത്രകൾക്ക് സർക്കാരിന്റെ പണം ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അല്ലാത്തത് ക്ഷണിതാക്കൾ ഏർപ്പെടുത്തിയ സൗകര്യങ്ങളായിരുന്നു. ഇതിന് പുറമേ കോമൺ വെൽത്ത് പാർലമെന്ററി അസോസിയേഷൻ സ്പീക്കേഴ്സ് കോൺഫറൻസ് പോലുള്ള ഔദ്യോഗിക യാത്രകൾ ദുബായ് വഴി പോയിട്ടുണ്ട്. ഇതിലൊന്നും ഒരു ഒളിച്ചുകളിയുമില്ലെന്നും പോസ്റ്റിൽ പറയുന്നു.