തിരുവനന്തപുരം: ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി. രാവിലെ ഒൻപതിന് കിഴക്കേ ശീവേലിപ്പുരയിലെ കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടും തിരുവാമ്പാടിയിൽ തരണനല്ലൂർ സജി നമ്പൂതിരിപ്പാടുമാണ് കൊടിയേറ്റിയത്. 18നാണ് ആറാട്ട്. പൈങ്കുനി ഉത്സവത്തിന് സമാനമായി ആൾക്കൂട്ടവും ഘോഷയാത്രയും ഒഴിവാക്കി ഇത്തവണയും പദ്മതീർത്ഥത്തിലാണ് ആറാട്ട് നടത്തുന്നത്. ഉത്സവത്തിന് മന്നോടിയായി ഇന്നലെ രാവിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നും മണ്ണുനീർ കോരൽ നടന്നു. ഉത്സവ ദിവസങ്ങളിൽ വൈകിട്ടും രാത്രിയും ഉത്സവശീവേലി ഉണ്ടായിരിക്കും.16ന് രാത്രി എട്ടിന് വലിയകാണിക്ക. 17ന് രാത്രി 8.30ന് പള്ളിവേട്ട. 18ന് വൈകിട്ട് 6.30ന് ആറാട്ടിന് എഴുന്നള്ളത്ത്. 19ന് നടക്കുന്ന ആറാട്ട്കലശത്തോടെ ഉത്സവം സമാപിക്കും.
ആനി കളഭത്തിന് ശേഷം നടത്തേണ്ട പെരുന്തിരമൃത് പൂജ 20നും ദക്ഷിണായന സംക്രമശീവേലി 15ന് വൈകിട്ട് 7ന് നടക്കും. 17ന് രാത്രി നടത്തേണ്ട പള്ളിവേട്ട സംബന്ധിച്ച് തീരുമാനമായിട്ടില്ല. സാധാരണ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടത്തുന്ന പള്ളിവേട്ട പൈങ്കുനി ഉത്സവത്തിന് പടിഞ്ഞാറെ നടയിൽ തിരക്കൊഴിവാക്കിയാണ് നടത്തിയത്. കൊടിയേറ്റ് ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ്മ, പ്രൊഫ. പി.കെ. മാധവൻനായർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദർശനസമയത്തിൽ മാറ്റം
ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ പതിവുദർശന സമയങ്ങളിൽ മാറ്റമുണ്ടാകും. രാവിലെ 3.45 മുതൽ 4.15 വരെയും, 5.15 മുതൽ 6.15 വരെയും 10 മുതൽ 12 മണിവരെയുമാണ് ദർശനം. വൈകിട്ട് ദർശനം അനുവദിക്കില്ല. എന്നാൽ ഉത്സവത്തിന്റെ ഭാഗമായ കലശാഭിഷേകം, ഉത്സവശീവേലി എന്നിവയിൽ ഭക്തർക്ക് പങ്കെടുക്കാനുള്ള സൗകര്യമുണ്ടാകും.