ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ തിരഞ്ഞെടുപ്പിന് വോട്ടർമാർ ആവേശത്തിലായിരുന്നു എങ്കിലും അവസാനവട്ട വോട്ടിംഗ് ശതമാനം വന്നപ്പോൾ മുന്നണികളെല്ലാം ഞെട്ടി. 2015 ലെ തിരഞ്ഞെടുപ്പിൽ 74.28 ശതമാനം പോളിംഗ് നടന്നിരുന്നു.ഇക്കുറി അത് 69 .36 ആയി കുറയുകയായിരുന്നു.ഇതിന്റെ കാരണം തേടുകയാണ് മുന്നണികൾ. കൊവിഡ് കാലമായതിനാൽ മറ്റ് സംസ്ഥാനങ്ങളിലും ഗൾഫിലും ഉള്ളവർ ഭൂരിഭാഗവും നാട്ടിലുണ്ട്.അവർ ആവേശത്തോടെ വോട്ടുചെയ്യാൻ എത്തുകയും ചെയ്തു.ആറ്റിങ്ങൽ നഗരസഭയിൽ 31 വാഡുകളിലായി 32658 വോട്ടർമാരാണ് ലിസ്റ്റിലുള്ളത്. 17734 സ്ത്രീ വോട്ടർമാരിൽ 12435 പേർ മാത്രമാണ് വോട്ടു ചെയ്തത്. 14924 പുരുഷന്മാരിൽ 10217 വോട്ടു ചെയ്തു.ഒരു ബൂത്തിലും 80 ശതമാനം വോട്ട് പോൾ ചെയ്തില്ലെന്നതാണ് പ്രത്യേകത.
ആറ്റിങ്ങൽ നഗരസഭയിൽ ഏറ്റവും കൂടുതൽപേർ വോട്ടുചേയ്തത് കാഞ്ഞിരംകോണം വാർഡിലാണ്. 78.22 ശതമാനം. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം കൊച്ചുവിള വാർഡിലാണ്. ഇവിടെ 60.45 ശതമാനം മാത്രമാണ് പോൾ ചെയ്തത്.