
കൊല്ലം: എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. ആലപ്പുഴ തകഴി സ്വദേശിയും നിരവധി മോഷണക്കേസുകളിൽ പ്രതിയുമായ ആലപ്പുഴ തകഴി സ്വദേശി അപ്പുവാണ് (20) പിടിയിലായത്.
അഞ്ച് ദിവസം മുമ്പ് കൊല്ലം ചാമക്കടയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം പൊളിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിക്കപ്പെട്ടത്. എ.ടി.എം മെഷീന്റെ നമ്പർ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടെ മുംബയിലെ കൺട്രോൾ റൂമിൽ അലാം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസെത്തിയപ്പോഴേക്കും രക്ഷപ്പെട്ട പ്രതിയെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്.
പൊലീസ് ആസ്ഥാനത്ത് നിന്ന് കവർച്ചാശ്രമത്തിന്റെ ദൃശ്യങ്ങൾ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് പിടികൂടിയ പ്രതിയെ ഇന്ന് കൊല്ലത്ത് എത്തിച്ചു.