തിരുവനന്തപുരം: തലസ്ഥാന കോർപറേഷനിൽ ആരാകും മേയർ എന്ന കാര്യത്തിൽ സി.പി.എം, ബി.ജെ.പി, കോൺഗ്രസ് പാർട്ടിക്കുള്ളിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. പലരുടെയും പേരുകൾ പ്രവർത്തകർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ മേയറാകുമെന്ന് പ്രതീക്ഷിച്ചവരെല്ലാം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചരിത്രമുള്ളതുകൊണ്ട് ഇത്തവണ ആരെയും സി.പി.എം ഉയർത്തിക്കാട്ടിയില്ല. പേരൂർക്കടയിൽ നിന്നു ജനവിധി തേടിയ ജമീലാ ശ്രീധർ,കുന്നുകുഴിയിൽ നിന്നു മത്സരിച്ച പ്രൊഫ.എ.ജി.ഒലീന, നെടുങ്കാട് നിന്നു മത്സരിക്കുന്ന എസ്.പുഷ്പലത എന്നിവരാണ് പരിഗണനയിൽ മുൻനിരയിലുള്ളത്. സി.പി.എം നേതാവ് എൻ.ശ്രീധരന്റെ മകളാണ് ജമീല. ഫോറൻസിക് ലബോറട്ടറി സയന്റിസ്റ്റായും പിന്നീട് അവിടത്തെ ഡയറക്ടറായും സേവനം അനുഷ്ഠിച്ച ജമീല പി.എസ്.സി മുൻ അംഗം കൂടിയാണ്.
പ്രൊഫ.എ.ജി.ഒലീന ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്.മലയാള സർവകലാശാല സിൻഡിക്കേറ്റ് അംഗം,എം.ജി.സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം,പു.ക.സയുടെ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചുവരുന്നുവെന്നതാണ് ഒലീനയെ മുൻനിരയിലെത്തിച്ചത്. എസ്.പുഷ്പലത പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. കൗൺസിലർമാരിൽ സീനിയറും മുൻ കൗൺസിൽ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. നഗരസഭയിലെ പ്രവൃത്തിപരിചയവും പാർട്ടിയിലെ സ്ഥാനവുമാണ് പുഷ്പലതയെ പരിഗണിക്കപ്പെടാൻ കാരണം.
ചാല വാർഡിൽ നിന്നു മത്സരിച്ച സിമി ജ്യോതിഷ്,ജഗതി വാർഡിൽ നിന്നു മത്സരിച്ച ഷീജാ മധു, കരമന നിന്നു മത്സരിച്ച ജി.എസ്.മഞ്ജു എന്നിവരാണ് എൻ.ഡി.എ അധികാരത്തിലെത്തുകയാണെങ്കിൽ മേയർ സ്ഥാനത്തിന് പരിഗണിക്കപ്പെടുന്നവർ. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം,മുൻ കൗൺസിലിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എന്നിവയാണ് സിമി ജ്യോതിഷിന് ഗുണകരമാകുന്ന ഘടകങ്ങൾ. അദ്ധ്യാപിക, മാസ്റ്റർ ബിരുദം,കഴിഞ്ഞ കൗൺസിലിൽ അംഗം എന്നിവ ജി.എസ്. മഞ്ജുവിന് ഗുണമാകും.ഹാട്രിക് നേടിയാൽ ജഗതിയിൽ നിന്നും എത്തുന്ന ഷീജാ മധുവിന്റെ പേരും മേയർ സ്ഥാനത്തേക്ക് ഉയർന്നുവരും.കഴിഞ്ഞ തവണ ആറ്റുകാലിൽ നിന്നു വിജയിച്ച് ഇത്തവണ അമ്പലത്തറയിൽ മത്സരിച്ച ആർ.സി. ബീനയാണ് മേയർ സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്ന മറ്റൊരു അംഗം.
യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പ്രഥമ പരിഗണന നൽകുന്നത് വനജാ രാജേന്ദ്രബാബുവിനും ഗായത്രി വി.നായർക്കുമാണ്. മണ്ണന്തലയിൽ നിന്നു മത്സരിച്ച വനജാരാജേന്ദ്രബാബു നേരത്തെ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. കാഞ്ഞിരംപാറയിൽ നിന്നു മത്സരിച്ച ഗായത്രി വി.നായർ അദ്ധ്യാപികയാണ്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി,യൂത്ത് കോൺഗ്രസ് ഭാരവാഹി എന്നിവയാണ് ഗായത്രിയുടെ മെരിറ്റ്.
ഒന്നും ഉറപ്പിക്കാൻ പറ്റില്ല...
കടുത്ത മത്സരം കാരണമാണ് ഒരു മുന്നണിയും മേയർ സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാട്ടാത്തത്.സി.പി.എം സ്ഥാനാർത്ഥികളായ എ.ജെ.ഒലീനയ്ക്ക് കോൺഗ്രസ് സ്ഥാനാർത്ഥി മേരി പുഷ്പത്തിൽ നിന്നും എസ്.പുഷ്പലതയ്ക്ക് ബി.ജെ.പി സ്ഥാനാർത്ഥി കരമന അജിത്തിൽ നിന്നും കടുത്ത വെല്ലുവിളിയാണുള്ളത്. ബി.ജെ.പി സ്ഥാനാർത്ഥികളായ സിമി ജ്യോതിഷ് ശക്തമായ ത്രികോണ മത്സരമാണ് നേരിടുന്നത്. ആർ.സി.ബീന അമ്പലത്തറ വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥി സുലോചനൻ കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.കഴിഞ്ഞ തവണ ടോസിലൂടെ എൽ.ഡി.എഫ് ജയിച്ച മണ്ണന്തലയിൽ,യു.ഡി.എഫിലെ വനജാരാജേന്ദ്രബാബുവിനും ത്രികോണ മത്സരം നടക്കുന്ന കാഞ്ഞിരംപാറയിൽ ഗായത്രിക്കും വിജയം ഈസിയല്ല.