
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയുടെ സ്ട്രീം 3 വിഭാഗത്തിനായി കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 188/19 ആണ് കാറ്റഗറി നമ്പർ. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അദ്ധ്യാപക തസ്തികകളിൽ ഉൾപ്പെടുന്നവരിൽ നിന്നുമാണ് കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് പ്രകാരമാണ് വിജ്ഞാപനം. 15 വരെ അപേക്ഷ സ്വീകരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അദ്ധ്യാപകരല്ലാത്തവർ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കെ.എ.എസ് ഓഫീസർ (കാറ്റഗറി നമ്പർ 187/19) അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ അപേക്ഷകൾ കെ.എ.എസ് സ്ട്രീം 3 ലേക്ക് പരിഗണിക്കും. 2019 ഡിസംബർ 4 അടിസ്ഥാനമാക്കിയായിരിക്കും പ്രായപരിധി, യോഗ്യത എന്നിവ തീരുമാനിക്കുന്നത്. കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നവർക്ക് സ്ട്രീം 3 ലേക്കുള്ള പ്രാഥമിക പരീക്ഷ 12 നും മുൻ വിജ്ഞാപനം, കൂട്ടിച്ചേർക്കൽ വിജ്ഞാപനം എന്നിവ പ്രകാരം സ്ട്രീം 3 തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള മുഖ്യപരീക്ഷ ജനുവരി 15,16 തീയതികളിലും നടത്തും.
ബിടെക് ഈവനിംഗ് കോഴ്സ്: സ്പോട്ട് അഡ്മിഷൻ 12ന്
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഈവനിംഗ് ഡിഗ്രി കോഴ്സിൽ ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ 12ന് ഉച്ചയ്ക്ക് രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോണ്ടാക്ട് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ എത്തണം. ഫോൺ: 0471-2515508, 9447411568
കുസാറ്റ്: ബിവോക് സ്പോട്ട് അഡ്മിഷൻ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽകേന്ദ്രം നടത്തുന്ന ബി.വോക് (ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റാ അനലിറ്റിക്സ്) കോഴ്സിൽ പൊതുവിഭാഗത്തിൽ ഉൾപ്പെടെ സ്പോട്ട് അഡ്മിഷൻ 11ന് രാവിലെ 9ന് നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കുസാറ്റ് മെയിൻ കാമ്പസിൽ ദീൻദയാൽ ഉപാദ്ധ്യായ് കൗശൽ കേന്ദ്രയിൽ (9846554444) ഹാജരാകണം.
ഷിപ്പ് ടെക്നോളജി വകുപ്പ് നടത്തുന്ന എം.ടെക് (കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ) കോഴ്സിൽ പട്ടികജാതി സംവരണ സീറ്റുകളിലേക്ക് 14ന് രാവിലെ 10ന് https://meet.google.com/tfr-wtcq-big ലിങ്ക് മുഖേന സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾ admissions.cusat.ac.in ൽ. ഫോൺ : 0484 2575714.
എം.എസ്സി (ഫിസിക്സ്) കോഴ്സിൽ സ്പോട്ട് അഡ്മിഷൻ 11 ന് നടക്കും. കുസാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഇന്ന് വൈകിട്ട് 5 ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് admissions.cusat.ac.in.
അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പ് നടത്തുന്ന എം.എ (അപ്ലൈഡ് ഇക്കണോമിക്സ്) കോഴ്സിൽ പട്ടികജാതി, പട്ടികവർഗ സംവരണ വിഭാഗങ്ങളിൽ സ്പോട്ട് അഡ്മിഷൻ 14ന് രാവിലെ 10ന് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരെയും പരിഗണിക്കും. വിദ്യാഭ്യാസയോഗ്യത, നേറ്റിവിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന രേഖകളും ഫീസും സഹിതം വകുപ്പ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2576030.
എം.ബി.ബി.എസ് : എൻ.ആർ.ഐ അപേക്ഷകർക്ക്
സമയം നീട്ടിനൽകാൻ ഉത്തരവ്
കൊച്ചി: ഈവർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് എൻ.ആർ.ഐ ക്വോട്ടയിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അപേക്ഷ നൽകിയവർക്ക് രേഖകൾ അപ്ലോഡ് ചെയ്യാനും തെറ്റുകൾ തിരുത്താനും അവസരം നൽകണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
രണ്ടാം അലോട്ട്മെന്റ് നടപടിക്രമങ്ങൾ നടക്കുമ്പോഴും എൻ.ആർ.ഐ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മൂന്നാം അലോട്ട്മെന്റിന് മുമ്പായി അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകാനാണ് നിർദ്ദേശം.
കൊവിഡ് മൂലം ആവശ്യമായ രേഖകൾ നിശ്ചിതസമയത്തിനകം സമർപ്പിക്കാൻ കഴിയാത്തതിനാൽ പകുതിയിലേറെ എൻ.ആർ.ഐ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം എഴുകോൺ സ്വദേശി ജെറിൻ തോമസ് പണിക്കർ നൽകിയ ഹർജിയിലാണ് നിർദ്ദേശം. ദരിദ്രവിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് മാറ്റിവയ്ക്കാനുള്ളതാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം എൻ.ആർ.ഐ സീറ്റിന്റെ ഒരു ഭാഗം. എല്ലാ എൻ.ആർ.ഐ സീറ്റുകളിലും പ്രവേശനം അനിവാര്യമാണ്. മതിയായ രേഖകൾ അപ്ലോഡ് ചെയ്യാത്തതിനാൽ അപേക്ഷ നിരസിക്കപ്പെട്ടവരെയും പരിഗണിക്കുന്ന വിധത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ വിപുലമായ പ്രചരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
തളിര് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർത്ഥികൾക്ക് ഈ വർഷം സ്കോളർഷിപ്പ് വിതരണം ചെയ്യും. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്നവർക്ക് 10,000, 5,000, 3,000 രൂപ, ജില്ലാതല വിജയികൾക്ക് 1,000, 500 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ്. സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കി മൂന്ന് തലത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യമായി നൽകും. https://scholarship.ksicl.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 31നുള്ളിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 8547971483.