sss

തിരുവനന്തപുരം: കനത്ത ചൂട്,​ ഇടയ്ക്ക് പെയ്ത മഴ,​പൊടി,​ ദിവസവും കിലോമീറ്ററുകളോളം ദൂരത്തിലുള്ള നടപ്പ്.. വിശ്രമമെന്തെന്ന് അറിഞ്ഞില്ലായിരുന്നു ഇത്രയും ദിവസവും നഗരത്തിലെ സ്ഥാനാർത്ഥികൾ. ദിവസവും നൂറു കണക്കിന് ആളുകളെ നേരിട്ട് കാണേണ്ടിയിരുന്നു. എല്ലാവരോടും സംസാരിക്കണം. സുഖമില്ലെങ്കിൽപ്പോലും പ്രചാരണ രംഗത്ത് നിന്നും മാറിനിൽക്കാനാവില്ല.തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള യാത്രകളായിരുന്നു സ്ഥാനാർത്ഥി നിർണയ ദിവസം മുതൽ വോട്ടെടുപ്പ് ദിനം വരെ.തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ചെറിയ ടെൻഷനുണ്ടെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ വീടുകളിൽ വിശ്രമിക്കുകയാണ് പലരും. ഇന്നലെയാണ് സമാധാനമായി ഒന്ന് വീട്ടിലിരുന്നതെന്ന് വഴുതക്കാട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ പറഞ്ഞു. തൊണ്ടയടഞ്ഞിരിക്കുകയാണ്.ഇന്ന് മുതൽ കോടതിയിൽ പോയി തുടങ്ങാനാണ് രാഖി രവികുമാറിന്റെ തീരുമാനം. നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് വർദ്ധിച്ചുവെങ്കിലും അതിൽ വിഷമമില്ലെന്ന് ചാല വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി സിമി ജ്യോതിഷ്.നടക്കുന്നതിനും പടി കയറുന്നതിനുമുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു.അതിപ്പോൾ കൂടി.അതിന് ചികിത്സ ചെയ്യണം ഇനി. കുറച്ചുദിവസം മകനുവേണ്ടി മാത്രം സമയം മാറ്റിവയ്ക്കാനാണ് സിമിയുടെ തീരുമാനം. തിരഞ്ഞെടുപ്പ് ക്ഷീണമേ എനിക്കില്ലെന്നാണ് നാലാഞ്ചിറ യു.ഡി.എഫ് സ്ഥാനാർത്ഥി ജോൺസൺ ജോസഫിന്റെ പക്ഷം. വീട്ടിൽ തന്നെ ഇരിക്കാനാണ് ബുദ്ധിമുട്ട്. വോട്ടിംഗ് കഴിഞ്ഞും വിശ്രമിക്കുന്നതിനായി പ്രത്യേക സമയം മാറ്റിവച്ചിട്ടില്ല.നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാനരീതിയിലാണ് കരിക്കകം വാർഡിൽ നിന്ന് ജനവിധി തേടുന്ന മേയർ കെ.ശ്രീകുമാറിന്റെ അഭിപ്രായവും. പാർട്ടി പ്രവർത്തനവും മീറ്റിംഗുകളുമായി തിരക്കിലാണ് അദ്ദേഹം. പ്രചാരണ തിരക്കിലായതിനാൽ കഴിഞ്ഞ ടേമിൽ താൻ കൗൺസിലറായിരുന്ന നന്തൻകോട് വാർഡിലെ മരണവീടുകളും കല്യാണവീടുകളുമൊന്നും സന്ദർശിക്കാൻ സമയം കിട്ടിയില്ലായിരുന്നു പാളയത്ത് നിന്ന് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പാളയം രാജന്. കടകംപള്ളി വാർഡിലെ സ്ഥാനാർത്ഥിയും നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാ‌ർട്ടി നേതാവുമായ ഡി.അനിൽകുമാറും മറ്റ് പ്രവർത്തനങ്ങളുടെ തിരക്കിലാണ്. പി.ടി.പി നഗറിലെ ബി.ജെ.പി സ്ഥാനാർത്ഥി ഗിരികുമാർ വിജയപ്രതീക്ഷയിലാണ്.വോട്ടെടുപ്പിന് ശേഷം വോട്ടർമാരുമായി സംസാരിച്ചപ്പോൾ പോസിറ്റീവ് റിപ്പോർട്ടാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.