
കാസർകോട്: നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. നൗഫൽ ഉളിയത്തടുക്കയെ (31) ആണ് വിദ്യാനഗർ എസ്.ഐ എം.വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. പണം നൽകാൻ എന്ന പേരിൽ എത്തി ആലംപാടിയിൽ മറഞ്ഞിരുന്നാണ് പൊലീസ് നാടകീയമായി നൗഫലിനെ പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തെ ആദൂർ, വിദ്യാനഗർ, കാസർകോട് ടൗൺ എന്നിവിടങ്ങളിൽ കേസുകളുണ്ട്.
യുവാവിന്റെ നഗ്ന ഫോട്ടോ തന്റെ കൈയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ തന്നില്ലെങ്കിൽ അവയെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് നൗഫൽ ഭീഷണിപ്പെടുത്തുകയായിരുന്നു. മൊബൈലിൽ സൂക്ഷിച്ച നഗ്നഫോട്ടോകൾ യുവാവിന്റെ ജ്യേഷ്ഠനെ നേരിട്ട് കാണിക്കുകയും ചെയ്തു. യുവാവും നൗഫലും നേരത്തെ സുഹൃത്തുക്കൾ ആയിരുന്നു. പ്രതിയെ കാസർകോട് കോടതി റിമാൻഡ് ചെയ്തു.