തിരുവനന്തപുരം: ഡോ. കപിലവാത്സ്യായൻ പ്രഥമ ദേശീയ നൃത്തോത്സവം രണ്ടാം ദിനവും ശ്രദ്ധേയമായ കലാപരിപാടികളോടെ നടന്നു. ഭരതനാട്യം നർത്തകിയും പ്രശസ്‌ത കാർട്ടൂണിസ്റ്റുമായ ആർ.കെ. ലക്ഷ്‌മണിന്റെ പത്നിയുമായ കമലാലക്ഷ്‌മണന്റെ ഹ്രസ്വദൃശ്യ ജീവിതരേഖാപ്രദർശനം, നർത്തകിയും ഫെസ്റ്റിവൽ ക്യൂറേറ്ററുമായ ഡോ. രാജശ്രീവാര്യരുടെ ഭരതനാട്യം ഡെമോൺസ്ട്രേഷൻ, നർത്തകരായ പാർശ്വനാഥ് ഉപാദ്ധ്യ, രാഗിണി ചന്ദ്രശേഖർ എന്നിവരുടെ ഭരതനാട്യം, ഡോ, ദിവ്യ നെടുങ്ങാടി അവതരിപ്പിച്ച മോഹിനിയാട്ടം, ശ്രീലക്ഷ്‌മി ഗോവർദ്ധൻ അവതരിപ്പിച്ച കുച്ചുപ്പുടി, ദേബാശിഷ് പട്‌നായിക്കിന്റെ ഒഡീസി, സോമഭ ബന്ധോപാദ്ധ്യയുടെ മണിപ്പൂരി, ഡോ. രാജിസുബിൻ എന്നിവർ അവതരിപ്പിച്ച കേരള നടനാവതരണം എന്നിവ നടന്നു. മൂന്നാം ദിനമായ ഇന്ന് കലാമണ്ഡലം സത്യഭാമയെക്കുറിച്ചുള്ള ഹ്രസ്വദൃശ്യവിവരണവും, പ്രശസ്‌ത നർത്തകിയും ഫെസ്റ്റിവൽ ക്യൂറേറ്ററുമായ ഡോ. നീനാപ്രസാദിന്റെ മോഹിനിയാട്ടം ഡെമോൺസ്ട്രേഷൻ,​ ഉമാസത്യ നാരായൺ, മീരകൃഷ്‌ണ എന്നിവരുടെ ഭരതനാട്യം, കലാമണ്ഡലം പ്രഷീജ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, വൈദേഹി കുൽക്കർണിയുടെ കുച്ചുപ്പുടി, പ്രിയങ്ക കുമാരിയുടെ കഥക്, നിരോജ്കുമാർ അവതരിപ്പിക്കുന്ന ചൗനൃത്തം, മൃദുസ്‌മൃത അവതരിപ്പിക്കുന്ന സത്രിയ നൃത്താവതരണം, ഫ്രാൻസിൽ നിന്നും കേരളത്തിലെത്തി മോഹിനിയാട്ടം അഭ്യസിച്ച വിഖ്യാത നർത്തകൻ വോവാൻ ടോവിന്റെ മോഹിനിയാട്ടം എന്നിവ നടക്കും. വൈകിട്ട് 7 മുതൽ 9 വരെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ ഭാരത് ഭവൻ ഫേസ്ബുക്ക് പേജിലും ഇന്ത്യയിലെ വിവിധ കൾച്ചറൽ സോണുകളുടെ ഒഫിഷ്യൽ പേജുകളിലും ലഭ്യമാണ്.