p

ചിറയിൻകീഴ്: അസൗകര്യങ്ങളെ ചൊല്ലിയുള്ള പരാതിയും പരിവട്ടവും ഒത്തിരിയായിട്ടും പ്രശ്നപരിഹാരം പെരുങ്ങുഴി പോസ്റ്റാഫീസിൽ ഇപ്പോഴും അന്യമാണ്. വാടകക്കെട്ടിടത്തിലാണ് ഇവിടെ പോസ്റ്റാഫീസ് പ്രവർത്തനം. ദിനം പ്രതി നൂറുക്കണക്കിന് പേരാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. അയിരത്തോളം തപാൽ ഇടപാടുകളും ഇവിടം വഴി ദിനം പ്രതി നടക്കുന്നുണ്ട്. പോസ്റ്റ്മാസ്റ്ററും ക്ലാർക്കും പോസ്റ്റുമാനും അടക്കം ഏഴ് പേരാണ് ഇവിടത്തെ ജീവനക്കാർ.

പെരുങ്ങുഴി പൊസ്റ്റാഫീസിന് കീഴിൽ അഴൂർ, ശാസ്തവട്ടം എന്നീ ബ്രാഞ്ച് ഓഫീസുകളുമുണ്ട്. ഇവിടുത്തെ ജീവനക്കാർ കൂടി എത്തുന്ന അവസരങ്ങളിൽ പെരുങ്ങുഴി പോസ്റ്റാഫീസിന്റെ സ്ഥലപരിമിതി വിഷയമാകാറുണ്ട്. കടത്തിണ്ണയുടെ ഫ്രണ്ടേജാണ് ഇവിടെത്തെ പോസ്റ്റാഫീസിനുള്ളത്. ഇവിടെ എത്തുന്ന ഉപഭോക്താവിന് ഫ്രണ്ടേജ് ഗ്രില്ലിട്ട് തിരിച്ചതാണ് ഏക ആശ്വാസം. എങ്കിലും പത്തിലേറെപ്പേർ എത്തിയാൽ ഇവിടെ നിന്ന് തിരിയാൻ ഇടമില്ലാതാകും. ജംഗ്ഷനുമായി റോഡരികിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ വളരെയധികം പൊടി ശല്യമുണ്ട്. പെരുങ്ങുഴി ജംഗ്ഷന് സമീപം പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വക പത്ത് സെന്റ് ഭൂമിയുണ്ട്. ഇവിടെ പോസ്റ്റാഫീസ് മന്ദിരം നിർമിക്കണമെന്ന് പലകുറി പഞ്ചായയത്ത് അധികൃതരടക്കം ആവശ്യപ്പെട്ടിട്ടും നടപടികൾ മാത്രം ഉണ്ടാകുന്നില്ല.