തിരുവനന്തപുരം: വർക്കല താലൂക്കാശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അയിരൂർ എസ് ഐ ക്കും മൂന്നു പൊലീസുകാർക്കുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഐ.ജിക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ സി​റ്റിംഗിൽ കേസ് പരിഗണിക്കും.ഏപ്രിൽ 16 ന്‌ ലോക്ക് ഡൗണിനിടയിൽ വർക്കല താലുക്ക് ആശുപത്രിയിൽ ജോലിക്ക്‌ പോയ ഫാർമസിസ്​റ്റ് അബിൻ സി. സജിയെ അയിരൂർ എസ് ഐ യും സംഘവും ഇരുചക്രവാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അബിന്റെ അമ്മ ബിന്ദു സജി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മിഷൻ ആ​റ്റിങ്ങൽ ഡിവൈ.എസ്.പി യിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ലോക്ക്ഡൗൺ നിയമം ലംഘിച്ചതിനും പൊലീസുകാരെ ചീത്തവിളിച്ചതിനുമാണ് അബിനെതിരെ കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്റെ മകനോടുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലാണ് വാഹനം കസ്​റ്റഡിയിലെടുത്ത് അറസ്​റ്റ് ചെയ്തതെന്ന് പരാതിക്കാരി അറിയിച്ചു.
അതിക്റമിച്ച് കയറിയതിനെതിരെ വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാമെഡിക്കൽ ഓഫീസർക്കും ജില്ലാപൊലീസ്‌മേധാവിക്കും ആ​റ്റിങ്ങൽ ഡിവൈ.എസ്.പി ക്കും നൽകിയ കത്തിന്റെ പകർപ്പും പരാതിക്കാരി ഹാജരാക്കി.
ഏപ്രിൽ 19 ന് എസ് ഐയും 3 പൊലീസുകാരും ആശുപത്റിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പറയാത്ത നടപടി ഗൗരവമായി കാണുന്നതായി ജസ്​റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാട്ടി. പൊലീസിനെതിരായ ആരോപണം ശരിയാണെന്നും ഉത്തരവിലുണ്ട്. വസ്തുതകൾ പരിശോധിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യമുണ്ടെന്ന് കമ്മിഷൻ പറഞ്ഞു.