
തിരുവനന്തപുരം: തുടർച്ചയായി മൂന്നാംവട്ടവും നോട്ടീസ് നൽകിയതിനു പിന്നാലെ മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്‌മിറ്റായ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് ഇ.ഡി മുമ്പാകെ ഹാജരാവില്ലെന്ന് സൂചന. ഹാജരാവില്ലെന്ന് രവീന്ദ്രൻ അറിയിച്ചിട്ടില്ല. ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കൽ റിപ്പോർട്ട് തേടിയ ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ നടപടിയെടുക്കും.
രവീന്ദ്രന് കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്നാണ് വിശദീകരണം. തുടർച്ചയായി തലവേദനയുള്ളതിനാൽ എം.ആർ.ഐ. സ്‌കാൻ നടത്താൻ ഡോക്ടർമാർ നിർദേശിച്ചു. കൊവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണിത്. സ്‌കാനിംഗിന് ശേഷമേ രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യൂ. കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങൾ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ ബുധനാഴ്ച മെഡിക്കൽ കോളേജാശുപത്രിയിലെത്തിയത്. മുൻപ് രണ്ടു തവണ ഇ.ഡി ചോദ്യം ചെയ്യലിനെത്താൻ നോട്ടീസ് നൽകിയിരുന്നു. കൊവിഡ് ബാധയെത്തുടർന്ന് ആദ്യ തവണയും, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രണ്ടാം തവണയും അദ്ദേഹം ഹാജരായില്ല. പിന്നാലെയാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസയച്ചത്. ഹാജരാവാതിരുന്നാൽ ആശുപത്രിയിലെത്തി ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും ഇ.ഡി ആലോചിക്കുന്നുണ്ട്.
അതേസമയം, രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. രവീന്ദ്രൻ വിശ്വസ്തനും സംശുദ്ധ ജീവിതത്തിനുടമയാണെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ, ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നതിൽ നിന്നു രവീന്ദ്രനെ ആരൊക്കെയോ തടയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. രവീന്ദ്രന്റെ ആശുപത്രി വാസം ആരോഗ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം.
മുഖ്യമന്ത്രി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
കണ്ണൂർ : സ്വർണക്കടത്ത് കേസിൽ തന്റെ വിശ്വസ്തൻ സി.എം. രവീന്ദ്രൻ കൂടി പിടിയിലാകുമെന്ന് കണ്ടതോടെ സ്വന്തം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് കേസിന്റെ തെളിവുകൾ നശിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് വ്യാപനഭീതിയെ തുടർന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു മാറി നിന്നതെന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ആൾക്കൂട്ടമുണ്ടാകുമ്പോൾ അതു കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്നാണ് അവർ പറയുന്നത്. എന്നാൽ ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്ക് ഇതു ബാധകമല്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.സ്വർണക്കടത്ത് കേസിൽ ബി.ജെ.പി പറഞ്ഞത് ഓരോന്നും ശരിയാണെന്ന് തെളിയുകയാണ്. ചില വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിവരം അനുസരിച്ചാണ് തങ്ങൾ ഇതു പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രത്യേകിച്ച് ഒരു അസുഖവുമില്ലാത്ത സി.എം. രവീന്ദ്രൻ ഇ.ഡിയുടെ നോട്ടീസ് കിട്ടുമ്പോൾ ആശുപത്രിയിൽ അഭയം തേടുകയാണ്. രവീന്ദ്രന് യാതൊരു അസുഖവുമില്ലെന്ന് മെഡിക്കൽ ടീം തന്നെ കണ്ടെത്തിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.എം. രവീന്ദ്രൻ വിശ്വസ്തനും സംശുദ്ധനും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വിശ്വസ്‌തനും സംശുദ്ധനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എല്ലാവർക്കും അദ്ദേഹത്തിൽ നല്ല വിശ്വാസമാണ്. ആ വിശ്വാസമാണ് പത്ത്- മുപ്പത് വർഷക്കാലമായി അദ്ദേഹം മുഖ്യമന്ത്രിക്കൊപ്പവും പ്രതിപക്ഷനേതാവിനൊപ്പവുമെല്ലാം പ്രവർത്തിക്കുന്നത്. രവിയെ കുടുക്കാൻ ശ്രമിക്കുന്നതെന്തിന് വേണ്ടിയാണെന്ന് നമുക്കെല്ലാവർക്കുമറിയാം. രവീന്ദ്രൻ മനഃപൂർവം മാറി നിൽക്കുന്നതല്ല. അദ്ദേഹം രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുകയാണ് ചിലരുടെ ലക്ഷ്യമെന്നും കടകംപള്ളി വ്യക്തമാക്കി.
സി.എം.രവീന്ദ്രനും സുരക്ഷ ഉറപ്പാക്കണം: ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും ഭീഷണിയുണ്ടെന്നിരിക്കെ അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.ഡി യുടെ ചോദ്യംചെയ്യൽ അടുക്കുമ്പോഴേക്കും രവീന്ദ്രൻ ആശുപത്രിയിലാവുകയാണ്. ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കാൻ എയിംസിലെ വിദഗ്ദ്ധ സംഘത്തെ എത്തിക്കണം. കാലിക്കറ്റ് പ്രസ് ക്ലബ് ഒരുക്കിയ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതരുടെ പേര് വെളിപ്പെടുത്തിയാൽ വകവരുത്തുമെന്നാണ് ജയിലിൽ ചെന്നുള്ള ഭീഷണി. റിവേഴ്‌സ് ഹവാലയിൽ ബന്ധമുള്ള ഉന്നതൻ ആരാണെന്ന് സർക്കാർ വെളിപ്പെടുത്തുമോ? സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ആർ.എസ്.എസിന്റെ അതേ സ്വരമാണെന്നും ബി.ജെ.പിയും സി.പി.എമ്മും ഇവിടെ ഒരേ തൂവൽപക്ഷിയാണെന്നും ചെന്നിത്തല പറഞ്ഞു.കേരളത്തെ കൊള്ളയടിക്കുന്ന പിണറായി ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലേതെന്ന് പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്ന മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേരളത്തിന്റെ മണ്ണ് ബി.ജെ.പിയുടെ വർഗീയതയ്ക്ക് ചേർന്നതല്ലെന്നും കേരളത്തിലാകെ യു.ഡി.എഫിന് അനുകൂലമായ തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.