തിരുവനന്തപുരം: പെട്ടിയിലായ വോട്ടിന്റെ ഫലം 16ന് എത്തുമെങ്കിലും ഓരോ മുന്നണിയും ജയപരാജയ സാദ്ധ്യതകൾ വിലയിരുത്തുന്ന തിരക്കിലാണ്. നഗരസഭ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 55 മുതൽ 62 സീറ്രുവരെ നേടുമെന്ന് എൽ.ഡി.എഫും 50 മുതൽ 58 വരെ സീറ്റ് നേടുമെന്ന് എൻ.ഡി.എയും 44 മുതൽ 55 വരെ സീറ്റുകൾ നേടുമെന്ന് യു.ഡി.എഫ് നേതാക്കളും കണക്കുകൂട്ടുന്നു. മുന്നണി സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ഇത്തവണ റിബലുകളും അപരരും കാര്യമായ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. നഗരത്തിലെ വാർഡുകളിൽ ശക്തമായ പ്രചാരണം നടത്തിയ തിരുവനന്തപുരം വികസന മുന്നേറ്റം (ടി.വി.എം) എത്രത്തോളം വോട്ടുപിടിക്കുമെന്നത് പല അപ്രതീക്ഷിത ജയപരാജയങ്ങൾക്കും കാരണമാകും. ഇഞ്ചോടിഞ്ച് മത്സരം നടന്ന 15 വാർഡുകളിൽ കൂടുതൽ നേടുന്ന മുന്നണിയായിരിക്കും അധികാരത്തിലെത്തുക. പെരുന്താന്നി, ചാല, കരമന, ശ്രീവരാഹം, ശ്രീകണ്ഠേശ്വരം, പേട്ട, കരിക്കകം, പുഞ്ചക്കരി, തിരുവല്ലം. പാപ്പനംകോട്, പി.ടി.പി നഗർ, പൊന്നുമംഗലം, നെടുങ്കാട്, കുന്നുകുഴി, കമലേശ്വരം വാർഡുകളാണ് നിർണായകം. ഇവിടെ ആര് വിജയിക്കുമെന്ന് നൂറുശതമാനം ഉറപ്പിച്ചു പറയാൻ മൂന്നു മുന്നണികൾക്കും കഴിയുന്നില്ല. അതിനിടെ രാഷ്ട്രീയ പാർട്ടി നേതാക്കൾ വോട്ടുമറിക്കൽ ആരോപണങ്ങൾ ശക്തമാക്കി. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് ആരോപണ, പ്രത്യാരോപണങ്ങളുണ്ടായതെങ്കിൽ ഇക്കുറി വോട്ടെടുപ്പിനു തൊട്ടുപിന്നാലെയായി. മുമ്പ് സി.പി.എമ്മും കോൺഗ്രസും പരസ്‌പരം പഴിചാരുകയായിരുന്നെങ്കിൽ ഇക്കുറി ബി.ജെ.പിയും ആരോപണങ്ങളിൽ ഭാഗഭാമായി എന്ന പ്രത്യേകതയുമുണ്ട്.
'' 25 വാർഡുകളിൽ യു.ഡി എഫ്– ബി.ജെ.പി ധാരണയുണ്ടായി. കഴക്കൂട്ടം, നേമം, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന വാർഡുകളിലാണ് ഇരുമുന്നണികളും ധാരണയുണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ അഞ്ഞൂറിൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട വാർഡുകളിലാണ് ഇക്കുറിയും നീക്കുപോക്ക്''
മന്ത്രി കടകംപള്ളി സുരേന്ദ്രൻ,
വി.ശിവൻകുട്ടി ,സി.പി.എം
സംസ്ഥാന സമിതി അംഗം
'' കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ജയസാദ്ധ്യതയുണ്ടായിരുന്ന വാർഡുകളിൽ സി.പി.എമ്മും ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നു. മുൻ മേയർ കെ. ശ്രീകുമാർ മത്സരിച്ച കരിക്കകം വാർഡിലെ വോട്ട് എണ്ണുമ്പോൾ ഇക്കാര്യം വ്യക്തമാകും. കരിക്കകത്ത് ബി.ജെ.പി വോട്ടുകൾ എങ്ങോട്ടുപോയെന്ന് അന്വേഷിച്ചാൽ ഇരുപാർട്ടികളും തമ്മിലെ ധാരണ വ്യക്തമാകും.''
നെയ്യാറ്റിൻകര സനൽ,
ഡി.സി.സി പ്രസിഡന്റ്
'' 21 വാർഡുകളിൽ സി.പി.എം കോൺഗ്രസിന് വോട്ടുമറിച്ചു. എൽ.ഡി.എഫ്– യു.ഡി.എഫ് ധാരണയുണ്ടാക്കാൻ മുസ്ലിം ലീഗ് ഇടനിലക്കാരായി. കാലടി, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, വട്ടിയൂർക്കാവ്, അമ്പലത്തറ തുടങ്ങിയ വാർഡുകളിലെ ഫലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും''
വി.വി. രാജേഷ്, ബി.ജെ.പി
ജില്ലാ പ്രസിഡന്റ്