accident

മലയിൻകീഴ്: മലയിൻകീഴ് - തിരുവനന്തപുരം റോഡിൽ പാലോട്ടുവിളയ്ക്ക് സമീപം കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ലോഡുമായി പേയാട് ഭാഗത്ത് നിന്നെത്തിയ ടോറസും മലയിൻകീഴ് ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാളുടെ വിശദാംശങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇയാൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കയറ്റം കയറിയെത്തിയ ടോറസ് ഗിയർ മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് എതിരെവന്ന കാറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. കൂട്ടിയിടിയെ തുടർന്ന് ടോറസിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിക്കുകയും കാറിന്റെ മുൻവശത്തെ ഒരുഭാഗം തെറിച്ചുവീണ് സമീപത്തെ ശ്രീകണ്ഠന്റെ ചായക്കടയിലെ കണ്ണാടിപ്പെട്ടി തകർന്നു. കാറിന് പിറകേ വന്ന ബൈക്ക് വീണ് യാത്രക്കാർക്ക് പരിക്കേറ്റു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തിയാണ് അബോധാവസ്ഥയിലായിരുന്ന കാർ ഡ്രൈവറെ ആംബുലൻസിൽ ആശുപത്രിലെത്തിച്ചത്. എസ്.ഐ രാജേന്ദ്രൻ, ഗ്രേഡ് എസ്.ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ടോറസിന്റെ ടയർ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.