swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ അന്വേഷണം തുടങ്ങി. അട്ടക്കുളങ്ങര ജയിലിലെത്തി സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും, ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിനു ശേഷം സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായാണ് സ്വപ്ന കോടതിയിൽ പരാതി നൽകിയത്.ഇതേത്തുടർന്ന് ജയിലിൽ സ്വപ്നയ്ക്ക് സുരക്ഷ കൂട്ടി. സ്വപ്നയുടെ സെല്ലിൽ സഹ തടവുകാരിയും, ഒരു വാർഡന്റെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണവുമുണ്ടാവും. സ്വപ്നയെ പാർപ്പിച്ചിട്ടുള്ള സെൽ സി.സി.ടി.വി കാമറാ നിരീക്ഷണത്തിലായിരിക്കും. ജയിൽ കവാടത്തിൽ സായുധ പൊലീസിനെയും വിന്യസിച്ചു.

കൊഫെപോസ ചുമത്തിയതിനെത്തുടർന്ന് ഒക്ടോബർ 14 നാണ് സ്വപ്നയെ കൊച്ചിയിൽ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. അതിനു മുൻപ് കാക്കനാട്, വിയ്യൂർ ജയിലുകളിലും. അവിടെയെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയും സന്ദർശകരുടെയും വിവരങ്ങൾ കൈവശമുണ്ടെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അട്ടക്കുളങ്ങരയിലെത്തിച്ച ശേഷമുള്ള മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും ജയിൽ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. . കേന്ദ്ര ഏജൻസികളെ കൂടാതെ ,വ്യാജരേഖാ കേസിൽ അറസ്​റ്റ് ചെയ്യാൻ പൊലീസും ലൈഫ് കേസിൽ മൊഴിയെടുക്കാൻ വിജിലൻസും ജയിലെത്തിയിട്ടുണ്ട്. നവംബർ രണ്ടിന് വിജിലൻസും മൂന്നിനും പത്തിനും ഇ.ഡിയും 18 ന് കസ്റ്റംസും ചോദ്യം ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതി അതീവഗൗരവമുള്ളതാണെന്ന് കേന്ദ്രഏജൻസികൾ പറയുന്നു.

ഭീഷണിയില്ലെന്ന് സ്വപ്ന പറഞ്ഞെന്ന് ജയിൽ ഡി.ഐ.ജി

തിരുവനന്തപുരം: സ്വപ്ന സുരേഷിന് അട്ടകുരങ്ങര ജയിലിൽ ഭീഷണിയില്ലെന്ന് തന്നോട് പറഞ്ഞതായി ജയിൽ ഡി.ഐ.ജി അജയകുമാർ പറഞ്ഞു. സ്വപ്നയുടെ അഭിഭാഷകനാണ് സ്വപ്നയ്‌ക്ക് ജയിലിൽ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് കോടതിയിൽ നൽകിയത്. അതിൽ എന്ത് സംഭവിച്ചെന്നും തന്റെ അഭിഭാഷകന് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യവും അറിയില്ലെന്നും സ്വപ്ന പറഞ്ഞതായി ഡി.ഐ.ജി പറഞ്ഞു. അതേസമയം ഇതിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചതിന് ശേഷമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂവെന്നും അജയകുമാർ പറഞ്ഞു.