pin

തിരുവനന്തപുരം: മാസങ്ങളായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും പരീക്ഷാ നടത്തിപ്പിലും തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17നാണ് യോഗം. യോഗത്തിൽ പൊതു, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകാർക്ക് ജനുവരിയിൽ ക്ലാസ് തുടങ്ങുന്നതിനെപ്പറ്റി സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കൂടി വിലയിരുത്തിയാകും തീരുമാനമെടുക്കുക.

ഈ മാസം 17 മുതൽ പത്ത്,പ്ളസ്ടു ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരിൽ 50 ശതമാനം പേർ ഒരുദിവസം എന്ന രീതിയിൽ സ്‌കൂളുകളിൽ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ കൂടുതൽ ഫലപ്രദമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായാണ് അദ്ധ്യാപകരോട് സ്കൂളിലെത്താൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ നിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ വൈകാതെ പുറപ്പെടുവിക്കും. ഏപ്രിലിനകം പൊതുപരീക്ഷ നടത്താനാണ് ആലോചിച്ചിരിക്കുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയം കൂടി പരിഗണിച്ചായിരിക്കും പരീക്ഷാതീയതി തീരുമാനിക്കുക.