
തലശ്ശേരി: തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇവിടെ ആർക്കും ആശങ്കയില്ല, ആകാംക്ഷയുമില്ല. അറിയാനുള്ളത് ഒന്നു മാത്രം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്ന മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ നിന്നും മണ്ണ് ഊർന്നു പോകുമോ ? സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും സഹജമായ ഭരണവിരുദ്ധതയും യു.ഡി.എഫിന്റെ ജയത്തോളം അട്ടിമറി സൃഷ്ടിക്കുമോ ? മോദിയുടെ വ്യക്തി പ്രഭവവും ദേശീയ രാഷ്ട്രീയത്തിലെ ട്രെൻഡും കമ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ ചലനം സൃഷ്ടിക്കുമോ ?
ഏതായാലും ജില്ലാ പഞ്ചായത്ത് പിണറായി ഡിവിഷനിലെ സ്ഥാനാർത്ഥികളെല്ലാം ഇത്തവണ കേമന്മാർ തന്നെയാണ്.
ബാലസംഘത്തിലൂടെ തുടങ്ങി, സി.പി.എം ഏരിയാ കമ്മിറ്റിയംഗമായി ജനകീയ പഞ്ചായത്ത് പ്രസിഡന്റായി മാറിയ കോങ്കി രവീന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
ഡിവിഷന്റെ മുക്കും മൂലയും പരിചയമുള്ള വിപുലമായ സൗഹൃദങ്ങൾക്കുടമയും പ്രാസംഗികനുമായ കോങ്കി രവീന്ദ്രനിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്, മാറിയ രാഷ്ട്രീയ സാഹചര്യത്തിലും റെക്കോഡ് ഭൂരിപക്ഷമാണ്. ത്യാഗത്തിലധിഷ്ഠിതമായ ജീവിതത്തിനുടമയായ രവീന്ദ്രൻ, അടിയന്തിരാവസ്ഥാ കാലത്ത് തുറുങ്കിലടക്കപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തായി മാറാനായതും, ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടാനായതും പ്രാദേശിക ഭരണ മികവിന്റെ അംഗീകാരമായി എൽ.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു.
എസ്.എഫ്.ഐയുടെ കുത്തക തകർത്ത്, ബ്രണ്ണൻ കോളേജ് യൂണിയനിൽ ആധിപത്യം നേടുകയും, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി മാറുകയും ചെയ്ത കെ.എസ്.യുവിന്റെ സ്റ്റാറായാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി വി.എം. സരേഷ് കുമാറിന്റെ രാഷ്ട്രീയ രംഗ പ്രവേശനം.1993 മുതൽ തലശ്ശേരി ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സുരേഷ് കുമാറിന്റെ നിയമപരിജ്ഞാനവും, കേസിന്റെ അവതരണവും ശ്രദ്ധേയമാണ്.
തലശ്ശേരി ബാർ അസോസിയേഷന്റെ അദ്ധ്യക്ഷ പദവിയും, അഡീഷണൽ ഗവ. പ്ലീഡർ സ്ഥാനവും വഹിച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച കെ ടി. ജയകൃഷ്ണൻ മാസ്റ്റർ വധം, റിപ്പർ ഉമ്മർ കൊലപാതക പരമ്പര തുടങ്ങിയ കേസുകളിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായത് സുരേഷ് കുമാറായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനായ ഈ അഭിഭാഷകന് രാഷ്ട്രീയത്തിന്നതീതമായ കുടുബ സൗഹൃദ ബന്ധങ്ങൾ ഈ ഡിവിഷനിലുണ്ട്.
സംഘ പരിവാര സംഘടനകളുടെ ജില്ലയിലെ ഊർജസ്വലനായ സാരഥിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി വി. മണിവർണ്ണൻ. ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗമായ മണിവർണ്ണൻ കലാശാലാ ജീവിതകാലത്തു തന്നെ അഗ്നി ചിതറുന്ന പ്രസംഗത്തിന്നുടമയാണ്. കമ്മ്യൂണിസ്റ്റ് ഈറ്റില്ലമായ ധർമ്മടത്ത് സംഘ പരിവാര സംഘടനകൾക്ക് അടിത്തറയുണ്ടാക്കിയ നേതാവാണ് മണിവർണ്ണൻ. താലൂക്ക് വിദ്യാർത്ഥി പ്രമുഖ്, ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹക്, ഹിന്ദു ഐക്യവേദി ജില്ലാ കൺവീനർ, തലശ്ശേരി മാതാ അമൃതാനന്ദമയീമഠം പ്രതിഷ്ഠാകർമ്മസമിതി സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള മണിവർണ്ണൻ ലക്ഷ്യമിടുന്നത്, യുവജന വോട്ടുകളിലൂടെ കമ്മ്യൂണിസ്റ്റ് ശക്തിദുർഗ്ഗത്തിൽ വിള്ളലുകൾ വീഴ്ത്തുകയെന്നതാണ്.
സി.പി.എമ്മിലെ പി. വിനിത കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20,604 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയം നേടിയ ഡിവിഷനാണിത്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി പോയതിനാൽ യു.ഡി.എഫ്. അന്ന് പിന്തുണച്ചത് വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനെയായിരുന്നു. 11,769 വോട്ടുകൾ നേടിയ ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.
കേരളത്തിലെ ഏറ്റവും തലയെടുപ്പുളള കലാശാലയായ ഗവ. ബ്രണ്ണൻ കോളേജും, അറബിക്കടലിലെ വിസ്മയത്തുരുത്തായ ധർമ്മടവും, ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചും, പ്രസിദ്ധമായ അണ്ടല്ലൂർ കാവുമെല്ലാം ഈ ഡിവിഷനിലാണുള്ളത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സാക്ഷരതയും സംസ്‌ക്കാരവും നിലനിൽക്കുന്ന ഈ ഡിവിഷനിൽ അപ്രതീക്ഷിത രാഷ്ട്രീയ സുനാമിയുണ്ടായില്ലെങ്കിൽ ചുവപ്പ് രാശിക്ക് മങ്ങലേൽപ്പിക്കുക അസാദ്ധ്യം തന്നെയാകും.