
കല്ലറ: കൊവിഡും സാമ്പത്തിക ബുദ്ധിമുട്ടുമൊക്കെയായി ജനം പൊറുതി മുട്ടുമ്പോൾ കാടിറങ്ങി വരുന്ന കാട്ടു മൃഗങ്ങൾ ഇവരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി പന്നി ശല്യമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കാട്ടിലെ മൃഗങ്ങൾ മിക്കവയും നാട്ടിൽ ഇറങ്ങിയിരിക്കുകയാണ്. ഇവയുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ.
നാട്ടിൽ പച്ചക്കറി, നെല്ല്, വാഴ, തുടങ്ങിയവയുടെ കൃഷി സീസണായതോടെ ഉൾപ്രദേശങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേക്ക് എത്തുന്ന ഇവ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ് പതിവ്.
കുടിവെള്ളം കിട്ടാക്കനിയാകുന്ന ഈ കാലത്ത് കുടിവെള്ള ടാങ്കിന്റെ മൂടി തുറന്ന് ഇറങ്ങി കുളിക്കുന്നതും പൈപ്പ് ലൈനുകൾ നശിപ്പിക്കുന്നതും പതിവാണ്.
പകൽ സമയത്ത് കൂട്ടത്തോടെ എത്തുന്ന വാനരന്മാർ തെങ്ങിലെ വെള്ളയ്ക്കവരെ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികൾക്ക് കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണം കൊണ്ട് ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണുള്ളത്. വന്യ മൃഗങ്ങളിൽ നിന്നും കാർഷിക വിളകൾക്ക് സംരക്ഷണം നൽകാൻ ഫോറസ്റ്റ് ഡിപാർട്മെന്റ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത് ഇവിടെ
ചിറ്റിലഴികം, ചാരുപാറ, ചാവേറ്റിക്കാട്, തട്ടത്തുമല, തൊട്ടിവിള, നെല്ലിക്കുന്ന് മേഖലകളിലും, തൊളിക്കുഴി, വട്ടത്താമര, ഇരുന്നൂടി മേഖലകളിലും, കല്ലറ, പാങ്ങോട്, ഭരതന്നൂർ, മടവൂർ, പള്ളിക്കൽ മേഖലകളിലുമാണ് വാനര ശല്യവും, പന്നി ശല്യവും രൂക്ഷമാകുന്നത്.
മനുഷ്യരെയും ആക്രമിക്കും
ആദ്യകാലങ്ങളിൽ മനുഷ്യനെ പേടിയായിരുന്നു ഇവ ഇപോൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളെ കളിക്കാൻ പുറത്ത് വിടാൻ പേടിയാണ് രക്ഷാകർത്താക്കൾക്ക്. വാനരന്മാർ ഓടിട്ട വീടുകളിൽ ഓട് പൊളിച്ചിറങ്ങി ആഹാര സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് കൊണ്ട് പോകുന്നതും പതിവാണ്.