star

ബളാൽ: കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നവർക്ക് ആദരം അർപ്പിച്ച് പള്ളിമുറ്റത്ത് ഒരു കൂറ്റൻ നക്ഷത്രം. ക്രിസ്മസിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ബളാൽ സെന്റ് ആന്റണീസ് ചർച്ചിൽ ഉയർത്തിയ നക്ഷത്രമാണ് കൊവിഡ് മഹാമാരി കാലത്ത് താങ്ങും തണലുമായ ആളുകൾക്ക് വേണ്ടി പ്രകാശം പരത്തുന്നത്. കൊവിഡ് ബോധവത്ക്കരണ സന്ദേശം നൽകുന്ന നക്ഷത്രവിളക്ക് പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പ്രകാരം നിർമ്മിച്ചതാണ്. മുളയും തുണിയും കൊണ്ട് നിർമ്മിച്ച നക്ഷത്രത്തിൽ കൊവിഡ് ജാഗ്രത നിർദേശം എഴുതി വച്ചിട്ടുണ്ട്. 30 മീറ്റർ ഉയരവും 20 മീറ്റർ വീതിയിലുമാണ് നക്ഷത്രം ഒരുക്കിയിട്ടുള്ളത്. ബളാൽ സെന്റ് ആന്റണീസ് ഇടവകയിലെ കെ.സി.വൈ.എം പ്രവർത്തകരാണ് കൊവിഡ് പ്രതിരോധ സന്ദേശങ്ങളുമായി നക്ഷത്രം ഒരുക്കാൻ തീരുമാനിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് ഇതിന്റ നിർമ്മാണം പൂർത്തിയാക്കിയത്. 76 മീറ്റർ തുണി കൊണ്ട് നിർമ്മിച്ച നക്ഷത്രത്തിന് ആയിരങ്ങൾ ചിലവ് വരും. അമൽ പേഴുംകാട്ടിൽ, ലിയോ കള്ളിവയലിൽ, ടോണി ചേപ്പുകാലയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മനോഹര നക്ഷത്ര വിളക്ക് ഒരുക്കിയത്.