കിളിമാനൂർ:വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികളിൽ പലർക്കും ഇപ്പോഴും വിശ്രമമില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നത് ബന്ധപ്പെട്ടും ക്വാറന്റൈനിൽ കഴിയുന്നവർക്ക് സ്പെഷ്യൽ ബാലറ്റിൽ വോട്ട് ചെയ്യാൻ അവസരമുണ്ടെന്നിരിക്കെ അവരോട് ഫോണിലൂടെ വോട്ട് അഭ്യർത്ഥിക്കുന്നതിന്റെയും തിരക്കിലാണിവർ. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഒരു വോട്ട് പോലും ജയപരാജയങ്ങളിൽ നിർണായകമാണ്. അതിനാൽ പോളിംഗ് ബൂത്തിലെത്താൻ കഴിയാതെ ക്വാറന്റൈനിൽ കഴിയുന്നവരുടെ വോട്ട് കൂടി അനുകൂലമാക്കാനുള്ള പ്രയത്‌നത്തിലാണ് സ്ഥാനാർത്ഥികൾ. തപാൽ വോട്ടുകളും മറ്റും ശേഖരിച്ചുനൽകാൻ പാർട്ടി പ്രവർത്തകരുടെ സഹായമുണ്ടെങ്കിലും വോട്ട് ഉറപ്പിക്കുന്നതിൽ സ്ഥാനാർത്ഥികളും തികഞ്ഞ ജാഗ്രതയിലാണ്.