cpm-booth-office

കല്ലമ്പലം: വോട്ടെടുപ്പിന് പിന്നാലെ നാവായിക്കുളം കടമ്പാട്ടുകോണത്ത് ബി.ജെ.പി - സി.പി.എം സംഘർഷം. ബൂത്ത് ഓഫീസ് ബി.ജെ.പി പ്രവർത്തകർ അടിച്ചുതകർത്തതായി സി.പി.എമ്മും പ്രവർത്തകന്റെ വീടാക്രമിച്ച് ബൈക്ക് കത്തിച്ചതായി ബി.ജെ.പിയും ആരോപിച്ചു. ബുധനാഴ്ച രാത്രി 8ഓടെയായിരുന്നു സംഭവം. ബി.ജെ.പി പ്രവർത്തകർ രണ്ടുപേരെ മർദ്ദിച്ചതായും പരിക്കേറ്റ സി.പി.എം പ്രവർത്തകൻ വിശാഖിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം പ്രവർത്തകർ കടമ്പാട്ടുകോണം പാഞ്ചജന്യത്തിൽ സന്തോഷിന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്നാണ് ബി.ജെ.പിയുടെ പരാതി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. വീടിനു മുന്നിലിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ അവർ ആരോപിച്ചു. ഉടയൻകാവ് ക്ഷേത്രത്തിന് നേരെ അക്രമം നടന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പരാതികളിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കല്ലമ്പലം സി.ഐ ഐ. ഫറോസ് വ്യക്തമാക്കി.