
തിരുവനന്തപുരം: വൃശ്ചിക തണുപ്പും മകര മഞ്ഞും സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇനി പൊൻമുയിലേക്ക് സ്വാഗതം. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊൻമുടി അപ്പർ സാനിറ്റോറിയം ഈ മാസം 20ന് സഞ്ചാരികൾക്കായി തുറക്കും. ദീർഘനാളത്തെ സഞ്ചാരികളുടെ ആവശ്യത്തെത്തുടർന്നാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.
ഒക്ടോബർ 12ന് മൂന്നാർ അടക്കമുള്ള ഹൈറേഞ്ച് ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നെങ്കിലും പൊൻമുടിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. ആദിവാസി വിഭാഗത്തിലുള്ളവർ നേതൃത്വം നൽകുന്ന വനസംരക്ഷണ സമിതി (വി.എസ്.എസ് ) എന്ന കമ്മിറ്റിക്കാണ് പൊൻമുടി പ്രദേശത്തിന്റെ നിയന്ത്രണം. ഈ കമ്മറ്റിയുടെ തീരുമാനം ലഭിക്കാതിരുന്നതാണ് പൊൻമുടി തുറക്കാൻ തടസമായിരുന്നത്. വി.എസ്.എസ് തീരുമാനം ഉണ്ടായതോടെയാണ് പ്രവേശനം സംബന്ധിച്ച് വനം വകുപ്പ് തീരുമാനമെടുത്തത്.
പൊൻമുടി ഉൾപ്പെടുന്ന വനമേഖലയിൽ നിരവധി ഗോത്ര വർഗക്കാർ താമസിക്കുന്നുണ്ട്.പദ്മശ്രീ ലക്ഷ്മിക്കുട്ടി കാണി താമസിക്കുന്നത് പൊന്മുടി മലയടിവാരത്തുള്ള മൊട്ടമൂട് ഊരിലാണ്. പൊന്മുടി മലയടിവാരത്തെ വിവിധ സെറ്റിൽമെന്റുകളിലും എസ്റ്റേറ്റ് ലായങ്ങളിലും താമസിക്കുന്നവർക്ക് ഇതുവരെയും കൊവിഡ് പിടിപെടാത്തത് പുറമെ നിന്നുളളവരുടെ വരവ് നിയന്ത്റിച്ചതുകൊണ്ടാണെന്നാണ് വനം വകുപ്പ് കരുതുന്നത്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതിനുകാരണം. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പൊൻമുടിയിലേക്കുള്ള പ്രവേശനം അനുവദിക്കുക. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കും. സാമൂഹ്യ അകലം പാലിക്കുകയും വേണം.
പൊന്മുടി
കടൽത്തീരത്തുനിന്നു അധികം ദൂരത്തിലല്ലാതെ സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷനെന്ന പ്രത്യേകത പൊൻമുടിക്ക് മാത്രമുള്ളതാണ്. അറബിക്കടലിൽ നിന്നും 61 കിലോമീറ്റർ മാറി വടക്കുകിഴക്കായി പശ്ചിമഘട്ടത്തിലാണ് പൊൻമുടി സ്ഥിതിചെയ്യുന്നത്. കുന്നിൻ ചെരിവുകളെ തൂവെള്ള മേഘങ്ങൾ മൂടുകയും ഞൊടിയിടെ മറയുകയും ചെയ്യുന്ന മനോഹര കാഴ്ചയിലാണ് ഇപ്പോൾ പൊൻമുടി. മഞ്ഞും വെയിലും മാറിവരുന്ന അപൂർവ സുന്ദരക്കാഴ്ചയ്‌ക്കൊപ്പം ഇടയ്‌ക്കിടെ ചിതറിവീഴുന്ന മഴത്തുള്ളികളും ഏറെ കൗതുകകരമാണ്.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 3002 അടി
ഹെയർപിൻ വളവുകൾ - 22
പൊന്മുടി പ്രവേശനത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണ്. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രവേശനം അനുവദിക്കുന്നത്.
-കെ.ഐ. പ്രദീപ്കുമാർ
ഡി.എഫ്.ഒ, തിരുവനന്തപുരം