
പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിലെ അനധികൃത കൈയേറ്റം നടക്കുന്നതായി പരാതി. പൂവാർ ജംഗ്ഷൻ മുതൽ ശൂലംകുടി വരെയുള്ള ചകിരിയാറിന്റെ ഭാഗമായ കൈത്തോട് ഏതാണ്ട് പൂർണമായും സ്വകാര്യവ്യക്തികൾ മതിൽ കെട്ടിയടച്ചുകഴിഞ്ഞു. അവധി ദിവസങ്ങളിലാണ് കൈയേറ്റം കൂടുതലായും നടക്കുന്നത്. തോടിന്റെ രണ്ട് വശങ്ങളും കരിങ്കൽ കെട്ടി അതിന്റെ മുകളിൽ സ്ലാബ് വാത്തിട്ടാണ് മതിൽ കെട്ടുന്നത്. എന്നാൽ ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കൊന്നും തന്നെ പഞ്ചായത്തിന്റെയോ മറ്റ് അധികൃതരുടെയോ അനുമതിയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിഷയം പഞ്ചായത്ത് അധികൃരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സർക്കാരിന്റെ വിവിധ പദ്ധതി നടപ്പാക്കാൻ ഭൂമിയില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറുന്നത്. പൂവാർ വലിയ പാലത്തിന് സമീപവും പി.ഡബ്ള‌്യു.ഡി ഭൂമിയും, ജംഗ്‌ഷനിൽ നിന്നും പൊഴിക്കരയിലേക്ക് പോകുന്ന റോഡിന്റെ സൈഡിലും നടന്ന അനധികൃത കൈയേറ്റവും നിർമ്മാണ പ്രവർത്തനവും ഗ്രാമ പഞ്ചായത്ത് തടഞ്ഞിരുന്നു. ഇതിനെതിരെ കൈക്കൊണ്ട നടപടി ഇപ്പോൾ കോടതിയുടെ മുന്നിലാണ്. ഇത് പൂവാറിന്റെ ഒരു ഭാഗത്തെ കൈയേറ്റം മാത്രമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈയേറ്റവും അനധികൃത നിർമ്മാണവും യഥേഷ്ടം നടക്കുന്നതായാണ് പരാതികൾ ഉയർന്നിട്ടുള്ളത്.
നവീരിച്ച തോട് കാണാനില്ല
2019-20 സാമ്പത്തിക വർഷത്തെ 2.5 ലക്ഷം രൂപ ചെലവിട്ട് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് തോട് നവീകരിച്ചത്. പൊതുവഴികളിൽ നടന്നുപോകാനും സമീപത്തെ വീടുകളിലേക്ക് കയറാനും തോടിന് കുറകെ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച നടപ്പാലങ്ങൾ പോലും സ്വകാര്യ വ്യക്തികളുടെതായെന്നാണ് ആക്ഷേപം. 10 മീറ്ററോളം വീതി ഉണ്ടായിരുന്ന തോടിപ്പോൾ വെറും 2 മീറ്റർ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കൂടാതെ റോഡിലേക്കിരങ്ങാൻ വഴി പോലും ഇല്ലെന്നതാണ് സ്ഥിതി. കൈയേറ്റം തുടർന്നാൽ അധികം വൈകാതെതന്നെ തോട് അപ്രത്യക്ഷമാകുമെന്നാണ് നാട്ടുകാരുടെ പക്ഷം.
തോടിന്റെ വീതി..... 10 മീറ്റർ
ഇപ്പോൾ...... 2 മീറ്റർ മാത്രം
കർഷകരും ബുദ്ധിമുട്ടിൽ
പൂവാർ ബണ്ട് റോഡിന്റെ രണ്ട്സൈഡിലുമുള്ള ബഹുഭൂരിപക്ഷം ബോട്ട് യാഡുകളും പുറമ്പോക്കു ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കൈ തോടിന്റെയും നെയ്യാറിന്റെയും ഒഴുക്കിനെ പോലും തടസ്സപ്പെടുത്തി അനധികൃത നിർമ്മാണ പ്രവർത്തനം തുടർന്നാൽ ബുദ്ധിമുട്ടിലാക്കുന്നത് ഇവിടുത്തെ കർഷകർ പറയുന്നത്.
ശൂലംകുടിയിൽ നിന്നും നിർമ്മാണത്തിലുള്ള പെർമിറ്റിനായി ആരും വന്നിട്ടില്ല. പരാതിക്കാരുമില്ല. ഇലക്‌ഷൻ തിരക്ക് ആയതിനാൽ നടപടി സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല. അന്വേഷിച്ച് നടപടിയെടുക്കും.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ.
പൂവാറിന്റെ നദീതീരവും തണ്ണീർത്തടങ്ങളും നശിപ്പിച്ചുകൊണ്ടുള്ള കൈയേറ്റങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം.
പരിസ്ഥിതി പ്രവർത്തകർ