
കുട്ടികളെ ചുമട്ടുകാരാക്കുന്ന പഠന സമ്പ്രദായത്തിന് അറുതി വരുത്തണമെന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നീതിപീഠങ്ങളും വിദഗ്ദ്ധ സമിതികളുമൊക്കെ പലവുരു മുന്നോട്ടുവച്ച കാര്യമാണത്. ഒന്നും നടന്നില്ലെന്നു മാത്രം. മൂന്നുവയസുകാരൻ മുതൽ പതിനേഴുകാരൻ വരെ വലിയ പുസ്തകസഞ്ചി ചുമന്നുകൊണ്ട് സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. കൊവിഡ് കാലമായതിനാൽ വിദ്യാലയങ്ങൾക്കെല്ലാം പൂട്ടുവീണതു കാരണം 'ചുമട്ടുജോലി"യിൽ നിന്ന് താത്‌കാലിക ആശ്വാസം ലഭിച്ചിട്ടുണ്ടെന്നു മാത്രം. കൊവിഡ് അടങ്ങി അടുത്ത ജൂണിൽ സ്കൂളുകൾ തുറക്കുന്നതോടെ പഠന ഭാരത്തോടൊപ്പം സ്കൂൾ സഞ്ചി ഭാരവും കൂടാതിരിക്കില്ല. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് സ്കൂൾ കുട്ടികളുടെ സഞ്ചിഭാരം കുറയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസകാര്യവകുപ്പ് പുതിയൊരു മാർഗനിർദ്ദേശവുമായി മുന്നോട്ടുവന്നിരിക്കുന്നത്. സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ പത്തുശതമാനത്തിലധികമാകരുതെന്നാണ് കേന്ദ്ര നിർദ്ദേശം. മറ്റൊരു പ്രധാന നിർദ്ദേശം ഒന്നും രണ്ടും ക്ളാസുകളിൽ ഗൃഹപാഠങ്ങൾ പാടില്ലെന്നതാണ്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട നടപടികൾ എന്തൊക്കെയാണെന്നു കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിശദമായ കത്തയച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കാണ്.
സ്കൂൾ ബാഗുകളുടെ അമിത ഭാരത്തെക്കുറിച്ച് സാർവത്രികമായ പരാതികൾക്ക് ഏറെ പഴക്കമുണ്ട്. പുസ്തകങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും കുടിവെള്ളവും കൂടി കൊണ്ടുപോകേണ്ടിവരുന്നതിനാൽ നഴ്‌സറി കുട്ടിയുടെ സ്കൂൾ സഞ്ചി പോലും വീർത്തു തടിച്ചിരിക്കുന്നു. പാഠപുസ്തങ്ങൾക്കൊപ്പം നിരവധി നോട്ടുബുക്കുകളും അനുബന്ധ സാമഗ്രികളും ബാഗുകളിൽ ഉണ്ടാകും. ഉയർന്ന ക്ളാസുകളിലെ പുസ്തകസഞ്ചി ഏതാണ്ട് കുട്ടിച്ചാക്കു പോലെയാണു കാണപ്പെടുക. ഈ പുസ്തകച്ചാക്കു സ്ഥിരമായി ചുമന്ന് കഴുത്തിലും പുറം ഭാഗത്തും രോഗബാധിതരാകുന്ന കുട്ടികൾ പോലുമുണ്ട്. ഈ വിഷയം ഗഹനമായി പഠിച്ച ആരോഗ്യവിദഗ്ദ്ധർ ഉൾപ്പെടെ പല സമിതികളും അമിത ഭാരം ചുമക്കുന്നതിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള പല നിർദ്ദേശങ്ങളും കാലാകാലങ്ങളായി സർക്കാരിന്റെ മുമ്പിൽ സമർപ്പിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു പണച്ചെലവുമില്ലാതെ നടപ്പാക്കാവുന്ന കാര്യമായിട്ടും ഇത്രയും നാൾ ഈ പ്രശ്നത്തിൽ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായില്ല. ഏതായാലും പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനൊപ്പം സഞ്ചിഭാരത്തിൽ നിന്ന് കുട്ടികൾക്കു മോചനം നൽകുന്ന നിർദ്ദേശങ്ങളുമായി കേന്ദ്രം മുന്നോട്ടുവന്നത് അങ്ങേയറ്റം സ്വാഗതാർഹം തന്നെ.
നഴ്‌സറി കുട്ടികൾക്ക് ബാഗേ പാടില്ലെന്നാണു നിബന്ധന. ഒന്നും രണ്ടും ക്ളാസ് കുട്ടികളുടെ ബാഗിന് പരമാവധി 2.2 കിലോ ഭാരമേ ആകാവൂ. മൂന്നും നാലും അഞ്ചും ക്ളാസുകളിലാകട്ടെ രണ്ടര കിലോയിലധികം പാടില്ല. 6, 7 ക്ളാസുകളിൽ മൂന്നു കിലോ, എട്ടാം ക്ളാസിൽ 4 കിലോ, 9, 10 ക്ളാസുകളിൽ നാലര കിലോ, 11, 12 ക്ളാസുകളിൽ അഞ്ച് കിലോ എന്നീ തരത്തിലാണ് ബാഗ് ഭാരം നിർദ്ദേശിച്ചിരിക്കുന്നത്. ലഞ്ച് ബോക്സ് ഒഴിവാക്കാൻ സ്കൂളിൽത്തന്നെ ഉച്ചഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കണമെന്നുള്ളതാണ് മറ്റൊരു പ്രധാന നിർദ്ദേശം. കുടിവെള്ളം ലഭ്യമാക്കിയാൽ ബാഗിൽ വെള്ളക്കുപ്പിയും ഒഴിവാക്കാനാകും. വീട്ടിൽ കൊണ്ടുപോകേണ്ട ബുക്കുകളും മറ്റ് പഠന സാമഗ്രികളും സൂക്ഷിക്കാൻ ക്ളാസുകളിൽ ലോക്കർ സൗകര്യം ഏർപ്പെടുത്തുന്നതും അഭികാമ്യമാണ്. ഓരോ ക്ളാസുകാർക്കും ഗൃഹപാഠവുമായി ബന്ധപ്പെട്ട് സമയക്രമീകരണവും നിർദ്ദേശിക്കുന്നുണ്ട്. ഒന്നും രണ്ടും ക്ളാസുകാരെ ഗൃഹപാഠങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കണം. തുടർന്നുള്ള ക്ളാസുകാർക്ക് ഇക്കാര്യത്തിൽ നിയന്ത്രിതമായ തോതിലേ ഗൃഹപാഠങ്ങൾ നൽകാവൂ. മുതിർന്ന ക്ളാസുകളിൽ പോലും ആഴ്ചയിൽ രണ്ടുമണിക്കൂറിലധികം സമയം ഗൃഹപാഠങ്ങൾക്കായി മാറ്റിവയ്ക്കാൻ ഇടവരുത്തരുത്.
കുട്ടികൾ കണക്കിലേറെ ഭാരം ചുമക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്കൂളുകളിൽ സ്കൂൾ ബാഗിന്റെ ഭാരം പരിശോധിക്കാൻ ഡിജിറ്റൽ ത്രാസ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രായോഗികമായി അത്ര ലളിതമായ കാര്യമല്ല ഇതെന്ന് അറിയാമെങ്കിലും അത്തരത്തിൽ പരിശോധിക്കപ്പെടുമെന്നു വന്നാൽ നിർദ്ദേശം മറികടക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കാതിരിക്കില്ല. കുട്ടികളുടെ നന്മ മാത്രമാണ് ഈ നടപടികളുടെയൊക്കെ പിന്നിലുള്ളതെന്ന് രക്ഷാകർത്താക്കൾക്കും ബോദ്ധ്യമുണ്ടാകണം. അതനുസരിച്ച് നിർദ്ദേശങ്ങൾ പാലിക്കാൻ അവരും സന്നദ്ധരാകേണ്ടതുണ്ട്. ടെക്സ്റ്റ് ബുക്കുകളുടെ അമിത ഭാരമാണ് സ്കൂൾ ബാഗിന്റെ ഭാരം വർദ്ധിപ്പിക്കുന്നതെന്ന് ഏവർക്കുമറിയാം. സമീപകാലത്ത് ഓരോ ടേമിലും പഠിക്കേണ്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ടെക്സ്റ്റുകൾ പ്രത്യേകം പ്രത്യേകം തയ്യാറാക്കി നൽകുന്ന രീതി നിലവിൽ വന്നിട്ടുണ്ട്. എല്ലാ വിഷയങ്ങൾക്കും ഈ മാതൃക സ്വീകരിച്ചാൽ സഞ്ചിഭാരം ഗണ്യമായി കുറയ്ക്കാനാകും. അദ്ധ്യാപകരും സ്കൂൾ അധികൃതരുമാണ് ഇത്തരം കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഏതെങ്കിലുമൊരു പുസ്തകമോ നോട്ട് ബുക്കോ കൊണ്ടുവരാത്തതിന്റെ പേരിൽ കുട്ടിയെ കഠിനമായി ശിക്ഷിക്കാൻ മുതിരുന്ന അദ്ധ്യാപകരുണ്ട്. അത്തരക്കാർക്കും വേണം ചില പുതിയ മാർഗനിർദ്ദേശങ്ങൾ.
സ്കൂൾ ബാഗിന്റെ അമിതഭാരം തടയാൻ കേന്ദ്രം കൊണ്ടുവന്ന മാർഗനിർദ്ദേശങ്ങൾക്കൊപ്പം സി.ബി.എസ്.ഇ സ്കൂളുകളിലെ അമിതമായ ഫീസ് പിരിവിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവും ശ്രദ്ധേയമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ അമിതമായ ഫീസ് ഈടാക്കരുതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. സ്കൂൾ നടത്തിപ്പിന് ആവശ്യമായതിലധികം ഫീസ് ഈടാക്കുന്നത് കൊവിഡ് കാലത്ത് രക്ഷാകർത്താക്കൾക്ക് അമിത ഭാരമാകുമെന്നതിനാലാണ് ഈ നിയന്ത്രണം. സാധാരണ കാലത്തെന്ന പോലെ സ്കൂൾ മാനേജ്‌മെന്റുകൾ ഈ വർഷവും പഴയ നിരക്കിലോ അതിലധികമോ ഫീസ് ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഫീസ് നിയന്ത്രണം കൊവിഡ് കാലത്തേക്കു മാത്രമായി ഒതുക്കരുതെന്ന അഭിപ്രായമാണു പൊതുവേ ഉള്ളത്. ഈ വിഷയത്തിലും ശാശ്വതമായ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്.