
രോഗചികിത്സയ്ക്കെന്നതുപോലെ ആരോഗ്യസംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം. അതുകൊണ്ടാണ് രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ എന്തൊക്കെ ചെയ്യണം? എന്തൊക്കെ പാടില്ല? എന്നു കൂടി ആയുർവേദം വിശദീകരിക്കുന്നത്.
സസ്യങ്ങൾ മാത്രമല്ല ഔഷധ നിർമ്മാണത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്നത്. ലോഹങ്ങൾ, ധാതുലവണങ്ങൾ തുടങ്ങി മൃഗങ്ങളുടെ കാഷ്ഠം മുതൽ പല വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ,സസ്യഭാഗങ്ങളായ ഇല, പൂവ്, കായ്, വേര്, വേരിന്റെ മേൽത്തൊലി, തണ്ട്, തണ്ടിന്മേലുള്ള പട്ട അഥവാ ത്വക്ക്, കാതൽ, കറ, കിഴങ്ങ് എന്നിവയിൽ ഏതെങ്കിലുമൊന്നോ, പലതും കൂട്ടിച്ചേർത്തോ, ചെടി സമൂലമായോ ഉപയോഗിച്ചുള്ള മരുന്ന് നിർമ്മാണമാണ് പ്രധാനമായുള്ളത്. വിഷസ്വഭാവമുള്ള സസ്യങ്ങളെയും ധാതുക്കളെയും ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്.
നമുക്ക് ചുറ്റിലുമുള്ള എന്തിനെയും മരുന്നായി ഉപയോഗിക്കാമെന്ന് പറയുന്നുണ്ടെങ്കിലും പ്രാദേശികമായി കാണുന്നവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് അനുവർത്തിച്ചു കാണുന്നത്.
ഔഷധങ്ങൾ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ് ഉപയോഗിക്കുന്നതിന് സ്വരസം എന്നാണ് പറയുന്നത്. അരച്ചെടുത്ത് ഉപയോഗിക്കുന്നത് കൽക്കം. വെള്ളത്തിലിട്ട് തിളപ്പിച്ച് വറ്റിച്ച് അരിച്ചുപയോഗിക്കുന്നത് കഷായം. മരുന്ന് ചതച്ച് വെള്ളത്തിൽ ഇട്ടുവച്ച് പിന്നീട് ഉപയോഗിക്കുന്ന രീതിയും ചതച്ച മരുന്ന് വെള്ളത്തിലിട്ടുവച്ച് പിറ്റേന്ന് ഞെരടി കുടിക്കുന്ന രീതിയും ഉണ്ട്. ഇതിനെല്ലാം ഔഷധസസ്യ ഭാഗങ്ങളോ അവ നുറുക്കിയതോ പൊടിച്ചതോ ആണ് കൂടുതലും ഉപയോഗിക്കുന്നത്.
കുടിക്കാനും കഴിക്കാനും ഉപയോഗിക്കുന്ന സ്വരസം, കൽക്കം, വിവിധ കഷായങ്ങൾ, അരിഷ്ടങ്ങൾ, ആസവങ്ങൾ, ലേഹ്യം, ഘൃതം അഥവാ നെയ്യ് , ചൂർണ്ണങ്ങൾ,ഗുളികകൾ പ്രത്യേക പാകത്തിലുള്ള തൈലങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ പുറമേ ഉപയോഗിക്കുന്നതിന് ലേപം അഥവാ പുറമ്പട, അഭ്യംഗം അഥവാ എണ്ണതേപ്പ്, ഉദ്വർത്തനം അഥവാ പൊടിതിരുമ്മൽ എന്നിങ്ങനെ പോകുന്നു ഔഷധപ്രയോഗം.
മൂക്കിൽ മരുന്ന് പ്രയോഗിക്കുന്നത് നസ്യം. കണ്ണിൽ മരുന്ന് നിർത്തുന്നത് തർപ്പണവും പുടപാകവും. മരുന്നു കഴിച്ചു ഛർദ്ദിപ്പിക്കുന്നത് വമനം. വയറിളക്കുന്നത് വിരേചനം. ശസ്ത്രങ്ങൾ (ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ ) ഉപയോഗിച്ചും അട്ട തുടങ്ങിയവയെ ഉപയോഗിച്ചും ചെയ്യുന്ന രക്തമോക്ഷം തുടങ്ങി നിരവധി ചികിത്സാരീതികളാണ് പഞ്ചകർമ്മ ചികിത്സ ഉൾപ്പെടെ ആയുർവേദത്തിലുള്ളത്.
ഇതിന് വേണ്ടി ഉപയോഗിക്കുന്ന കോമ്പിനേഷനുകൾ രോഗത്തിനും രോഗിക്കും യോജിച്ചതായിരിക്കണം. അതല്ലാതെ, എല്ലാ രോഗികൾക്കും സമാനമായ അവസ്ഥയിൽ ഒരേ മരുന്ന് എന്ന രീതി ആയുർവേദത്തിലില്ല.
എള്ളെണ്ണ ചേർത്തുണ്ടാക്കുന്നവയെ തൈലം എന്നും വെളിച്ചെണ്ണ ചേർത്ത് ഉണ്ടാക്കുന്നതിനെ കേരമെന്നും തൈലവും ഘൃതവും മാംസരസവും ചേർത്തുണ്ടാക്കുന്നവയെ മുക്കൂട്ട് അഥവാ കുഴമ്പ് എന്നും പറയുന്നു.
ആയുർവേദ ഔഷധങ്ങൾക്ക് പാർശ്വഫലം ഇല്ലെന്ന വാദം ശരിയല്ല. സസ്യ ഔഷധങ്ങൾക്ക് പോലും പാർശ്വഫലങ്ങളുണ്ട്. എന്നാൽ, മറ്റ് ശാസ്ത്ര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആയുർവേദ ഔഷധങ്ങൾക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന് പറയാം. അതും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന ഒരാളിൽ നിന്ന് അവ സ്വീകരിക്കുകയാണെങ്കിൽ മാത്രം.
വളരെ കരുതലോടെയാണ് ലോഹങ്ങളെ വിവിധ രൂപത്തിൽ മരുന്നിനായി ഉപയോഗപ്പെടുത്തുന്നത്. ശുദ്ധി ചെയ്ത് ശരീരത്തിന് യാതൊരു വിധത്തിലും ഹാനികരമാകാത്തവിധം വേണം ഇത് ഉപയോഗിക്കാൻ. ശരിയായി ശുദ്ധി ചെയ്യാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണ്. വിശ്വാസയോഗ്യമായ ഔഷധ നിർമ്മാണ ശാലകളിൽ ഉണ്ടാക്കുന്ന മരുന്നുകൾ മാത്രമേ വാങ്ങാൻ പാടുള്ളൂ എന്ന് പറയുന്നത് ഇതുകൊണ്ടു കൂടിയാണ്.
മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്ന സ്ഥലം, രീതി,ഉപയോഗിക്കുന്ന ഭാഗം, ഔഷധനിർമ്മാണരീതി എന്നിവയ്ക്കനുസരിച്ച് സ്റ്റാൻഡാർഡൈസേഷൻ എന്നത് ആയുർവേദത്തിന് അത്ര എളുപ്പമുള്ള കാര്യമല്ല. ചികിത്സയിൽ നല്ല പരിചയമുള്ള ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്ന് സ്വയം വാങ്ങി ഉപയോഗിക്കരുതെന്ന് പറയുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതുംകൂടിയാണ്.
ഒരു ഔഷധത്തിന്റെ ഔഷധയോഗ്യഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ആക്ടീവ് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് മരുന്ന് നിർമ്മിക്കുന്ന രീതി ആയുർവേദം പറയുന്നില്ല. ആക്ടീവ് ഇൻഗ്രീഡിയൻസിനേക്കാൾ മരുന്നിന്റെ ഗുണം, വീര്യം തുടങ്ങിയവ എന്താണെന്ന് നോക്കിയാണ് മരുന്നിന്റെ ഫലം നിശ്ചയിക്കുന്നത്. ആക്ടീവ് ഇൻഗ്രീഡിയന്റ് മാത്രം ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന മരുന്നിനേക്കാൾ സുരക്ഷിതമാണ് അല്ലാതെയുള്ള മരുന്ന് നിർമ്മാണമെന്ന് 5000 വർഷങ്ങളായി ആയുർവേദക്കാർ വിശ്വസിച്ചും നിരീക്ഷിച്ചും അനുഭവത്തിലൂടെ മനസ്സിലാക്കിയും മുന്നോട്ടു പോകുന്നു.
ഒറ്റമൂലിയെക്കുറിച്ച് ചിലത്...
മറ്റെല്ലാ ചികിത്സകളും ചെയ്ത് തളരുമ്പോൾ ആയുർവേദത്തിലെ ഒറ്റമൂലി ചികിത്സ തേടിയെത്തുന്ന ആൾക്കാർ നിരവധിയാണ്. ഒറ്റമൂലി ചികിത്സ എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോഴുള്ള എല്ലാ രോഗത്തിനും ഒരൊറ്റ മരുന്നുകൊണ്ടുള്ള ചികിത്സ മതിയെന്നും അതുതന്നെ ദീർഘനാൾ ചികിത്സ ആവശ്യമില്ലാത്തവിധം പെട്ടെന്ന് രോഗത്തെ വരുതിയിലാക്കാം എന്നുമാണ് ചിലരെങ്കിലും കരുതുന്നത്. അതുകൊണ്ടുതന്നെ വളരെ ആകർഷണമുള്ള ഒരു വാക്കായി ഒറ്റമൂലി പ്രയോഗം മാറിയിട്ടുണ്ട്.
ആയുർവേദ ചികിത്സയിൽ പലരോഗങ്ങൾക്കും ഒറ്റമൂലി ചികിത്സകൾ പറയുന്നുണ്ട്.എന്നാൽ, അതേ രോഗത്തിന് തന്നെ ഈ ഒറ്റമൂലികൂടി ചേർത്തുണ്ടാക്കുന്ന നിരവധി യോഗങ്ങളും (കോമ്പിനേഷനുകൾ) പറഞ്ഞിട്ടുണ്ട്. ഇതിൽനിന്ന് തന്നെ ഏതെങ്കിലുമൊരു രോഗത്തിന് ഒറ്റ മരുന്നുകൊണ്ടുള്ള ചികിത്സ ആയുർവേദത്തിൽ സാദ്ധ്യമല്ലെന്നും അഥവാ അപ്രകാരം ആരെങ്കിലും അവകാശപ്പെട്ടാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്നും മനസ്സിലാക്കണം.എന്നിട്ടും നിരവധി രോഗങ്ങൾക്ക് ഒരു ഒറ്റമൂലി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരും അത് വിശ്വസിച്ച് പുറകെ പോകുന്നവരും കുറവല്ല.
ഒരു രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല തരത്തിലുള്ള ചികിത്സകൾക്കാണ് ആയുർവേദത്തിൽ പ്രാധാന്യമെന്നതിനാൽ അതിനുവേണ്ടി നിരവധി മരുന്നുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.രോഗത്തിന്റെയും രോഗിയുടെയും ആയുർവേദ രീത്യാ പരിഗണിക്കേണ്ട വിഷയങ്ങൾക്കനുസരിച്ച് മരുന്നുകളും മാറും. അതിനാൽ ഏറ്റവും യോജിച്ച മരുന്നാണ് പ്രയോഗിക്കേണ്ടത്. ഉദാഹരണത്തിന് പ്രമേഹത്തിന് നെല്ലിക്ക നല്ലത് എന്ന് പറഞ്ഞാലും എല്ലാ പ്രമേഹത്തിനും അത് ഉപയോഗപ്പെടണമെന്നില്ല. പ്രമേഹത്തിൽ ഷുഗറിന്റെ അളവ് കുറയ്ക്കുവാനായി നെല്ലിക്ക നിർദ്ദേശിച്ചിട്ടുമില്ല.ഷുഗറിന്റെ അളവ് കുറയുമെന്ന ഒറ്റക്കാരണത്താൽ മറ്റേതെങ്കിലും മരുന്ന് പ്രമേഹത്തിന് ഒറ്റമൂലിയായി ആയുർവേദം അംഗീകരിക്കുന്നുമില്ല.
ഒറ്റമൂലി എന്ന വാക്ക് സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ വേണ്ടി ഫസ്റ്റ് എയ്ഡ് എന്ന പദത്തോട് ഉപമിക്കാം.നിലവിലുള്ള രോഗം വർദ്ധിക്കാതിരിക്കുകയും മറ്റു രോഗങ്ങൾ കൂടി ഉണ്ടാകാതിരിക്കുകയും വിദഗ്ദ്ധചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുന്നത് വരെ ആശ്വാസം ലഭിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതുമാണ് ആയുർവേദം നിർദ്ദേശിക്കുന്ന ഒറ്റമൂലികൾ എന്നുപറയാം. ഫസ്റ്റ് എയ്ഡ് അങ്ങനെയാണല്ലോ ഉപയോഗപ്പെടുത്തുന്നത്? ആയതിനാൽ പല രോഗങ്ങളിലും ഒറ്റമൂലികൾ പ്രയോജനപ്പെടുത്താം. എന്നാൽ, അത് എത്രയും വേഗത്തിൽ ഡോക്ടറെ കണ്ട് ശരിയായി രോഗ നിർണ്ണയവും ചികിത്സയും നിശ്ചയിക്കുന്നതുവരെ മാത്രമേ പാടുള്ളൂ.
ആയുർവേദത്തിന് ശാഖകൾ എട്ട്
ചികിത്സയുടെ സൗകര്യാർത്ഥം ആയുർവേദത്തെ എട്ട് വിഭാഗങ്ങളായി പരിഗണിച്ചിട്ടുണ്ട്. കായചികിത്സ ( ജനറൽ മെഡിസിൻ), ബാലചികിത്സ (പീഡിയാട്രിക്സ് ), മാനസികരോഗ ചികിത്സ (സൈക്യാട്രി ), ഊർദ്ധ്വാംഗ ചികിത്സ അഥവാ ശാലാക്യതന്ത്രം (ഇ.എൻ.ടി,ഒഫ്താൽമോളജി, ഡെന്റിസ്ട്രി),ശല്യ ചികിത്സ (സർജറി), ദംഷ്ട്ര ചികിത്സ അഥവാ വിഷചികിത്സ (ടോക്സിക്കോളജി ), ജര ചികിത്സാ അഥവാ രസായന ചികിത്സ അല്ലെങ്കിൽ വയസ്ഥാപന ചികിത്സ (ജെറിയാട്രിക്സ് ), വൃഷ ചികിത്സ അഥവാ വാജീകരണ ചികിത്സ (അഫ്രോഡിസിയാക്) എന്നിവയാണത്.
പഥ്യവും അപഥ്യവും
പ്രമേഹം, രക്തസമ്മർദ്ദം, അമിത കൊളസ്ട്രോൾ, കരൾ രോഗങ്ങൾ, പൊണ്ണത്തടി, തൈറോയ്ഡ്, ഹൃദ്‌രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങക്കും പകർച്ചവ്യാധികൾ, അവയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ, ശ്വാസംമുട്ട്, ചുമ, തുടർച്ചയായ തുമ്മൽ, അലർജി രോഗങ്ങൾ, തൊലിപ്പുറത്തും സന്ധികൾക്കുമുണ്ടാകുന്ന രോഗങ്ങൾ, ശിരോരോഗങ്ങൾ, അസ്ഥിതേയ്മാനം, മറ്റു വാതരോഗങ്ങൾ, അസ്ഥിരോഗങ്ങൾ, സ്ത്രീരോഗങ്ങൾ, പക്ഷാഘാതം തുടങ്ങി നിരവധി രോഗങ്ങൾക്കും ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന്ചികിത്സ ലഭ്യമാണ്.
ആയുർവേദത്തിൽ പൊതുവേ പഥ്യം കൂടുതലാണെന്ന് പറയാറുണ്ട്. ആയുർവേദ ചികിത്സ ചെയ്യണമെങ്കിൽ സസ്യാഹാരം മാത്രമേ കഴിക്കാവൂ എന്ന് വിചാരിക്കുന്നവർ പോലുമുണ്ട്. എന്നാൽ, ഇവ രണ്ടും ശരിയല്ല.ചില മരുന്നുകൾക്ക് പഥ്യം ഉണ്ടെന്നുള്ളത് യാഥാർത്ഥ്യം തന്നെ. എന്നാൽ, പഥ്യമായ ആഹാരവും ശീലങ്ങളും കൊണ്ട് രോഗം കുറയുകയും അപഥ്യമായവ ശീലിച്ചാൽ രോഗം വർദ്ധിക്കുകയും ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല. മരുന്നുപയോഗം കുറയ്ക്കണമെങ്കിൽ പഥ്യം നോക്കണമെന്നും അപഥ്യം ഒഴിവാക്കുകയും ചെയ്യണമെന്നുമാണ് ആയുർവേദം നിർദ്ദേശിക്കുന്നത്.