കൊച്ചി: പ്രായവും ശാരീരിക അവശതകളും മറന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുതിർന്ന പൗരന്മാർക്ക് ആദരം അർപ്പിച്ച് ജില്ലാ കളക്ടർ എസ്. സുഹാസ്. കാലുകൾക്ക് സ്വാധീനമില്ലാതിരുന്നിട്ടും വോട്ട് ചെയ്യാൻ എത്തിയ മേരി, ജില്ലയിലെ തന്നെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളായ 95 വയസുകാരൻ ഗർവാസീസ് എന്നിവരെയാണ് കളക്ടർ അഭിനന്ദിച്ചത്.
വോട്ടു ചെയ്യാൻ കാത്തിരുന്ന ഇരുവർക്കുമരികിലെത്തി കളക്ടർ കുശലം ചോദിച്ചു. മുമ്പും വോട്ട് ചെയ്യാറുണ്ടോയെന്ന കളക്ടറുടെ ചോദ്യത്തിന് എല്ലായ്പ്പോഴും ചെയ്യാറുണ്ടെന്നായിരുന്നു മറുപടി. കൊവിഡ് നിയന്ത്രണങ്ങളും ആശങ്കകളും നിലനിൽക്കുമ്പോഴും എല്ലാ നിർദേശങ്ങളും ചിട്ടയായി പാലിച്ച ഇവർ എല്ലാവർക്കും അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം മാധവ ഫാർമസിക്ക് സമീപമുള്ള ഹൗസ് ഒഫ് പ്രൊവിഡൻസ് വയോജന മന്ദിരത്തിലെ അന്തേവാസികളാണ് സെന്റ് ആൽബർട്സ് സ്കൂളിലെ 72 ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്.