
തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ജനുവരി എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കുന്ന വിധത്തിൽ ചേരാൻ ആലോചന. ഫെബ്രുവരിയോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് സംസ്ഥാനം നീങ്ങുന്ന സാഹചര്യത്തിലാണിത്. പിണറായി സർക്കാരിന്റെ അവസാന ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച് നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് വൈകാതെ മന്ത്രിസഭായോഗം കടക്കും.
ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് പുതുവർഷത്തെ സഭാസമ്മേളനത്തിന് തുടക്കമാവേണ്ടത്. ഗവർണറുടെ സൗകര്യം കൂടി കണക്കിലെടുത്താവും അന്തിമതീരുമാനം. എട്ടിന് വെള്ളിയാഴ്ച നയപ്രഖ്യാപനം കഴിഞ്ഞാൽ ശനി, ഞായർ അവധികൾക്ക് ശേഷം 11 മുതൽ 13 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. 14ന് മറ്റ് കാര്യപരിപാടികൾ. 15ന് ധനമന്ത്രി തോമസ് ഐസക് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കും. 18 മുതൽ 20 വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. വോട്ട് ഒൺ അക്കൗണ്ട് പാസാക്കുന്നതുൾപ്പെടെ മറ്റ് ധനകാര്യ നടപടികളെല്ലാം പൂർത്തിയാക്കി 28ന് പിരിയാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ചില ബില്ലുകളും പരിഗണിച്ചേക്കും.