ramachandran-

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജൻസികൾ നിസംഗമായി നോക്കിനിൽക്കുന്നത് സി.പി.എം- ബി.ജെ.പി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിയമവാഴ്ചയെ വെല്ലുവിളിച്ചാണ് സി.എം. രവീന്ദ്രൻ അന്വേഷണ ഏജൻസികളിൽ നിന്ന് ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സമാനമായ രീതിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ആശുപത്രിയിൽ നിന്നു കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ രവീന്ദ്രന്റെ കാര്യത്തിൽ മടിച്ചുനിൽക്കുകയാണ്. ഇത് സി.പി.എം- ബി.ജെ.പി പരസ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടർന്നാണ്.

ബി.ജെ.പി ദേശീയ നേതൃത്വവുമായി സി.പി.എം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ സി.പി.എമ്മിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നത്. ലാവ്‌ലിൻ കേസ് പോലെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ധാരണ.